ഇരിട്ടി : കുടക് ഭരണകൂടം കണ്ണൂര്‍ ജില്ലയിലെ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് ആശ്വാസമേകി കൊണ്ടു മാക്കൂട്ടം ചുരം പാതയിലെ യാത്രാനിയന്ത്രണം ഒഴിവാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം.
കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും കുടകിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പാതയായ മാക്കൂട്ടം ചുരം പാതയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.രണ്ടാംതരംഗത്തില്‍ കേരളത്തില്‍ ടി.പി. ആര്‍ നിരക്ക് കുറഞ്ഞിട്ടും ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് മാക്കൂട്ടം ചുരം പാത വഴി പോകുന്നതിന് ആര്‍. ടി.പി.സി. ആര്‍ പരിശോധന ഇപ്പോഴും വേണം.രാജ്യത്ത് മറ്റൊരിടത്തും അന്തര്‍സംസ്ഥാന യാത്രയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇപ്പോള്‍ നിലവിലില്ലാത്തത് മലയാളി യാത്രക്കാരില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു.
രണ്ട് വാക്‌സിനെടുത്തവര്‍ക്ക് ഏതു സംസ്ഥാനത്തെ അതിര്‍ത്തിയും കടന്നു പോകാമെന്നിരിക്കേ മാക്കൂട്ടത്ത് മാത്രം ഇത്തരത്തില്‍ ഒരു നിയന്ത്രണം തുടരുന്നതിനെതിരെ കുടക് ജില്ലയില്‍ നിന്നു തന്നെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിബന്ധനകള്‍ പിന്‍വലിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.