ബെംഗളൂരു: ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രധാനപ്രതികളും പശ്ചിമബംഗാളിൽ നിന്ന് അറസ്റ്റിലായി. ബോംബ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ അബ്ദുൾ മത്തീൻ താഹ, കഫേയിൽ ബോംബ് വച്ച് രക്ഷപ്പെട്ട മുസാഫിർ ഹുസൈൻ ഷാസിബ് എന്നിവരാണ് അറസ്റ്റിലായത്. കൊൽക്കത്തയിൽ ഇരുവരും ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ച എൻഐഎ സംഘം പശ്ചിമബംഗാൾ പൊലീസിന്റെ കൂടി സഹായത്തോടെയാണ് ഇവരെ ഇന്ന് പുലർച്ചെ പിടികൂടിയത്.വ്യാജപേരുകളിലായിരുന്നു ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്നത്.
ഇവരെക്കുറിച്ചുള്ള വിവരശേഖരണത്തിന് കേരള, കർണാടക പൊലീസും സജീവസഹായം നൽകിയതായി എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇവർക്കായി നേരത്തേ എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വിവരങ്ങൾ നൽകുന്നതിന് പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന സൂചന എൻഐഎയ്ക്ക് ലഭിച്ചത്. മാർച്ച് 1 നാണ് ബെംഗളുരുവിലെ ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ഉച്ച നേരത്ത് ബോംബ് സ്ഫോടനം നടന്നത്.അതേസമയം, കേന്ദ്ര ഏജൻസികളും ബംഗാള്‍ പൊലീസും സംയുക്തമായാണ് രാമേശ്വരം കഫേ സ്ഫോടനത്തിലെ പ്രതികളെ പിടികൂടിയതെന്ന് ബംഗാള്‍ പൊലീസ് അറിയിച്ചു.
പൂര്‍വ മേദിനിപ്പൂരില്‍ വച്ചാണ് പ്രതികളെ പിടികൂടാനായത്. ബംഗാള്‍ പൊലീസിന്റെ പങ്ക് കേന്ദ്ര ഏജൻസികള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ബിജെപി വക്താവ് അമിത് മാളവ്യ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ബംഗാള്‍ പൊലീസ് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു. ഇതിനിടെ സംഭവത്തില്‍ സുവേന്ദു അധികാരിക്കെതിരെ ഒളിയമ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതികളെ പിടികൂടിയ പൂർവമേദിനപ്പൂരിലെ കാന്തി ഏത് ബിജെപി നേതാവിന്റെയും കുടുംബത്തിൻറെയും പ്രവർത്തനമേഖലയെന്ന് എല്ലാവർക്കും അറിയാമെന്ന് വക്താവ് കുണാല്‍ ഘോഷ് പറഞ്ഞു.
സ്വർണവില സർവകാല റെക്കോർഡില്‍.
സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡില്‍.പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്.ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 53,760 രൂപയായി.ഗ്രാമിന് നൂറ് രൂപയാണ് വര്‍ധിച്ചത്. 6720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. പത്ത് ദിവസത്തിനിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്.ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.