Home Featured ‘ഗുരുവായൂരപ്പന്റെ ഥാര്‍’ അമലിന് കിട്ടില്ല: ജൂണ്‍ 6ന് വീണ്ടും ലേലം വിളിച്ച് ദേവസ്വം;കോടതിയെ സമീപിക്കുമെന്ന് അമല്‍ മുഹമ്മദ്

‘ഗുരുവായൂരപ്പന്റെ ഥാര്‍’ അമലിന് കിട്ടില്ല: ജൂണ്‍ 6ന് വീണ്ടും ലേലം വിളിച്ച് ദേവസ്വം;കോടതിയെ സമീപിക്കുമെന്ന് അമല്‍ മുഹമ്മദ്

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാട് നല്‍കിയ വാഹനമായ ഥാര്‍ പുനര്‍ലേലം ചെയ്യാനൊരുങ്ങി ദേവസ്വം. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കാനായി ഭരണസമിതി യോഗം തീരുമാനിച്ചു. ജൂണ്‍ 6ന് ലേലം നടക്കും. ലേല തീയതിയും വിശദാംശങ്ങളും പത്രത്തില്‍ പരസ്യം ചെയ്യും. മഹീന്ദ്ര കമ്പനി 2021 ഡിസംബര്‍ 4ന് ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയ ഥാര്‍, ഡിസംബര്‍ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു.

ബഹ്‌റൈനിലുള്ള പ്രവാസിയായ അമല്‍ മുഹമ്മദായിരുന്നു നേരത്തെ ഥാര്‍ സ്വന്തമാക്കിയത്. എന്നാല്‍ ലേലത്തിനെതിരെ ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാര്‍ കൈമാറ്റം അനിശ്ചിതത്വത്തിലാവുകയായിരുന്നു. അമല്‍ മുഹമ്മദിന് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തിയാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു.

എന്നാല്‍, വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു. അന്ന് 8 പേര്‍ പരാതികള്‍ അവതരിപ്പിച്ചു.
ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടത്. ബുധനാഴ്ച ചേര്‍ന്ന ദേവസ്വം ഭരണസമിതി പുനര്‍ലേലത്തിന് തീരുമാനം എടുക്കുകയായിരുന്നു.

അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്. എന്തുവില കൊടുത്തും ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നു നിര്‍ദേശമെന്ന് സുഭാഷ് പറഞ്ഞു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിര്‍ദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു.

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.

മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ‘ഥാര്‍’ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെതിരെ വാഹനം ആദ്യം ലേലം കൊണ്ട അമല്‍ മുഹമ്മദ്. എല്ലാ നിയമങ്ങളും പാലിച്ചാണ് ഥാര്‍ ലേലം കൊണ്ടതെന്നും പുനര്‍ലേലം അംഗീകരിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും അമല്‍ പറഞ്ഞു. ദേവസ്വത്തിന്റേത് പക്ഷപാതപരമായ തീരുമാനമാണ്. വിഷയത്തില്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി തീരുമാനിക്കുമെന്നും അമല്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group