ബെംഗളൂരു: മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവില്‍ മൃഗങ്ങളെ അറുക്കുന്നതിനും ഇറച്ചി വില്‍ക്കുന്നതിനും താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി.മഹാശിവരാത്രി ദിവസമായ ഫെബ്രുവരി 15ന് ഒരു ദിവസത്തേക്കാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.”മഹാശിവരാത്രി ദിനത്തില്‍, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധികാരപരിധിയിലുടനീളമുള്ള അറവുശാലകളില്‍ മൃഗങ്ങളെ കൊല്ലുന്നതും കടകളില്‍ മാംസം വില്‍ക്കുന്നതും പൂർണമായും നിരോധിക്കും. ജിബിഎയിലെ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഈ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൗരന്മാരോടും മാംസ വില്‍പ്പനക്കാരോടും ഈ ഉത്തരവിനോട് സഹകരിക്കാനും പാലിക്കാനും അഭ്യർഥിക്കുന്നു”- ജിബിഎ ഉത്തരവ് പങ്കുവെച്ച് എക്സില്‍ കുറിച്ചു.അതേസമയം ഇത്തരം മതപരമായ ആഘോഷവേളകളില്‍ മാംസാഹാര വില്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് രാജ്യത്ത് ആദ്യമല്ല. കഴിഞ്ഞ ദിവസം അയോധ്യയില്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഓണ്‍ലൈൻ വഴിയുള്ള ഇറച്ചി വില്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശിവരാത്രി പ്രമാണിച്ച് ജമ്മു കശ്മീരിലെ റിയാസിയില്‍ മദ്യം വില്‍ക്കുന്നതും കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.ഇതിന് മുൻപും സമാനമായ നിയന്ത്രണങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. ഹൈദരാബാദില്‍ ദുർഗാ പൂജ, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളില്‍ ഇറച്ചിക്കടകള്‍ അടച്ചിടാൻ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപറേഷൻ നിർദേശം നല്‍കിയിരുന്നു. അതുപോലെ, 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ കോരാപുട്ട് ജില്ലയിലും മാംസാഹാര വില്പനയ്ക്ക് ഒരു ദിവസത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.ഹൈന്ദവ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഉത്സവമാണ് ശിവരാത്രി. ഇരുട്ടിനെയും അജ്ഞതയെയും അതിജീവിക്കുന്നതിൻ്റെ പ്രതീകമായി ഈ ആഘോഷം കണക്കാക്കുന്നു. ശിവനും പാർവതിയും തമ്മിലുള്ള ദിവ്യമായ വിവാഹത്തിൻ്റെ ഓർമപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം. ഭക്തർ ഉപവാസം, പ്രാർഥന, ക്ഷേത്ര ദർശനം എന്നിവയിലൂടെയാണ് ഇത് ആഘോഷിക്കുന്നത്.