Home Featured മഹാശിവരാത്രി നാളെ; വിശ്വാസവും ഐതീഹ്യവും അറിയാം, പ്രധാന പൂജകള്‍ എന്തൊക്കെ

മഹാശിവരാത്രി നാളെ; വിശ്വാസവും ഐതീഹ്യവും അറിയാം, പ്രധാന പൂജകള്‍ എന്തൊക്കെ

by കൊസ്‌തേപ്പ്

വിശ്വാസികള്‍ നാളെ ശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ശിവരാത്രി അനുഷഠിക്കുന്നതിലൂടെയുള്ള വിശ്വാസം. പാലാഴി മഥന സമയത്ത് ഉയര്‍ന്നു വന്ന കാളകൂടംവിഷം കഴിച്ച മഹാദേവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച പുണ്യ ദിനമാണ് ശിവരാത്രി.

വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും മഹനീയമായ നാളുകളിലൊന്നാണ് ശിവരാത്രി. ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി എന്നാണത്ര. ഈ വര്‍ഷം മാര്‍ച്ച് 1 ചൊവ്വാഴ്ചയാണ് ശിവരാത്രി ആഘോഷിക്കുന്നത്. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ഐതീഹ്യം

അമൃത് തിരഞ്ഞുള്ള പാലാഴി മഥനത്തില്‍ ആദ്യം ഉയര്‍ന്നു വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുവാനായി മഹാദേവന്‍ പാനം ചെയ്തു. കാളകൂടം വിഷം ഉള്ളില്‍ ചെന്നാല്‍ ഭഗവാനും പുറത്തു ചെന്നാല്‍ ലോകത്തിനും ദോഷം ചെയ്യുമെന്നതിനാല്‍ പാര്‍വ്വതി ദേവി മഹാദേവന്റെ കണ്ഠത്തിലും വായവഴി പുറത്തുപോകാതിരിക്കുവാന്‍ വിഷ്ണു അദ്ദേഹത്തിന്റെ വായിലും പിടിച്ചു. ഇതുവഴി കാളകൂടവിഷം അദ്ദേഹത്തിന്റെ കണ്ഠത്തില്‍ ഇരിക്കുകയും അങ്ങനെ ലോകം രക്ഷപെടുകയും ചെയ്തുവെന്നാണ് വിശ്വാസം. അന്നേ ദിവസം ഭഗവാനായി പാര്‍വ്വതി ദേവിയും മറ്റു ദേവഗണങ്ങളും ഉറങ്ങാതെ ചേര്‍ന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മ്മയാണ് ശിവരാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ബലിതര്‍പ്പണം

ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണത്തിന് ഹിന്ദുമത വിശ്വസത്തില്‍ പ്രാധാന്യം ഏറെയാണ്. അന്ന് നടത്തുന്ന ബലി തര്‍പ്പണത്തിലൂടെ പൃതൃക്കള്‍ക്ക് മോക്ഷഭാഗ്യവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. ആലുവ മണപ്പുറത്തെ ബലിതര്‍പ്പണവും ശിവരാത്രി ആഘോഷവും ഏറെ പ്രസിദ്ധമാണ്.

എന്താണ് ശിവരാത്രി വ്രതം

ശിവരാത്രി ദിവസങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് വ്രതം. ശിവരാത്രിയുടെ തലേന്ന് ഒരിക്കലെടുത്ത് വ്രതത്തിന് തുടക്കം കുറിക്കും. വൈകുന്നേരം അരിയാഹാരം ഒഴിവാക്കണം. അന്നേ ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ശിവക്ഷേത്ര ദര്‍ശനം നടത്തണം. രാത്രി ഒരു പോള കണ്ണടക്കാതെ ഉറക്കമൊഴിച്ചാണ് വ്രതം എടുക്കേണ്ടത്. വ്രതമെടുക്കുമ്പോള്‍ പൂര്‍ണ്ണ ഉപവാസം വേണമെന്നാണെങ്കിലും ആരോഗ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. ക്ഷേത്രത്തിലെ നേദ്യമോ കരിക്കിന്‍ വെള്ളമോ കഴിക്കുന്നത് വ്രതത്തെ ലംഘിക്കില്ല. പകല്‍ ഉറക്കവും എണ്ണതേച്ചുള്ള കുളിയും പാടില്ല. പിറ്റേന്ന് രാവിലെ ശുദ്ധിയായി ക്ഷേത്രത്തില്‍ പോകാം. ശിവന് കൂവളമാല സമര്‍പ്പിക്കുന്നതും കൂവള ഇല അര്‍ച്ചനയും ജലധാരയും ചെയ്താല്‍ ഈ ദിവസം വിശിഷ്ഠമാണെന്നാണ് കരുതുന്നത്.

പ്രധാന പൂജകള്‍

  • 1. വിഘ്നേശ്വരബലി, സഞ്ജീവനിപൂജ ഇവ നടത്തിക്കുന്നത് സര്‍വ്വരോഗശാന്തി നല്‍കുന്നു.
  • 2. വിഘ്നേശ്വരബലി, അഘോരബലി ഇവ നടത്തിയാല്‍ കഠിനദോഷ ദുരിതങ്ങള്‍, ശത്രുതാ ദോഷങ്ങള്‍ ഇവ മാറുന്നതാണ്.
  • 3. സിദ്ധിവിനായകബലി, ചിന്താമണി പൂജ ഇവ നടത്തിയാല്‍ സകലാഭീഷ്ടസിദ്ധി ഫലം.
  • 4. മനസ്സിന്റെ ആഗ്രഹപ്രാപ്തി, വിവാഹ-ദാമ്പത്യ ഉന്നതി ഇവയ്ക്കായി ഉമാമഹേശ്വര പൂജ നടത്തുക.
  • 5. സകലവിധ സാമ്പത്തിക ഉയര്‍ച്ചയ്ക്കുമായി ചിദംബരപൂജ നടത്തുക.

You may also like

error: Content is protected !!
Join Our WhatsApp Group