ബെംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കര്‍ണാടകയുടെ ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി പ്രശ്നങ്ങളില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്. തങ്ങളുടെ ഭൂമിയില്‍ നിന്ന് ഒരിഞ്ച് പോലും വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്ബോഴാണ് അവിടുത്തെ രാഷ്ട്രീയക്കാര്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
‘കന്നഡ സംസാരിക്കുന്ന ജനങ്ങളുള്ള നിരവധി പ്രദേശങ്ങള്‍ മഹാരാഷ്ട്രയിലുണ്ട്. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണ്. തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനായി അതിര്‍ത്തി-ഭാഷാ തര്‍ക്കങ്ങള്‍ എടുത്തുയര്‍ത്തുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാരുടെ നീക്കം തീര്‍ത്തും അംഗീകരിക്കില്ല’, ബസവരാജ് ബൊമ്മൈ പറഞ്ഞു.
2021 ഡിസംബറില്‍, കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയായ ബെലഗാവിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. മഹാരാഷ്ട്ര ജില്ലയുടെ അവകാശമുന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തത്. അതേസമയം, നിലവില്‍ കര്‍ണാടകയുടെ ഭാഗമാണ് ബെലഗാവിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മഹജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.