ചൊവ്വ:കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം. ബംഗളൂരു വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ സ്വദേശി വിനോദിന്റെ മകൾ എട്ട് വയസ്സുകാരി അഹാനയാണ് മരിച്ചത്. വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വസന്തനഗർ മാരിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച വിനോദും കുടുംബവും നാട്ടിൽ പോയ സമയത്താണ് വീട്ടുടമ വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി മുറിയ്ക്കുള്ളിൽ കീടനാശിനി തളിച്ചത്.
ഇന്നലെ നാട്ടിൽ നിന്നും തിരിച്ചെത്തിയ കുടുംബം വിശ്രമിക്കുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും ഉടൻ തളർന്നു വീഴുകയും ചെയ്തത്. ഇതിനിടെ ഇവർ നേരത്തെ മുറിൽ ഉണ്ടായിരുന്ന വെള്ളം കുടിച്ചതായും പറയുന്നു.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഹാനയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.