തിരുവനന്തപുരം : വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജോസഫൈന്റെ പെരുമാറ്റം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു. കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെയാണ് ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നത്.
ഭര്‍തൃവീട്ടിലെ പീഡനത്തില്‍ പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. ടെലിവിഷന്‍ ചാനലിന്റെ ലൈവ് ഷോയില്‍ പരാതി പറഞ്ഞ യുവതിയോടാണ് ജോസഫൈന്റെ വിവാദ പ്രതികരണം.
യുവതി വിളിച്ചപ്പോള്‍ മുതല്‍ അതൃപ്തിയോടെ ജോസഫൈന്‍ പ്രതികരിക്കുന്ന വിഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘2014ല്‍ ആണ് കല്യാണം കഴിഞ്ഞത് എന്നു പറയുന്ന യുവതിയോട് ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടോയെന്ന് ജോസഫൈന്‍ ചോദിക്കുന്നു.
ഉണ്ടെന്നു യുവതിയുടെ മറുപടി. അമ്മായിയമ്മയും ഉപദ്രവിക്കുമോയെന്ന ചോദ്യത്തിനും യുവതി മറുപടി നല്‍കി. പൊലീസില്‍ പരാതി നല്‍കിയോ എന്നു ചോദിച്ചപ്പോള്‍ ആരോടും പറഞ്ഞില്ലെന്നാണ് യുവതി പറയുന്നത്. എങ്കില്‍ അനുഭവിച്ചോ എന്ന ജോസഫൈന്റെ മറുപടിയാണ് വിവാദമായത്.