ബെംഗളൂരു: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ദീർഘകാല ക്ഷാമവും കരിഞ്ചന്തയിലെ വിലക്കയറ്റവും മൂലം ബെംഗളൂരുവിലെ നൂറുകണക്കിന് ബേക്കറികളും ചെറുകിട പലഹാരക്കടകളും ഗുരുതര പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. ഗ്യാസ് ലഭ്യമല്ലാത്തത് മൂലം നിരവധി കടകൾ ഇതിനകം അടച്ചുപൂട്ടിയതായും ഉടമകൾ പറയുന്നു.വലിയ ഹോട്ടലുകൾ പരിമിതമായ സ്റ്റോക്കുകളോ വിറക് പോലുള്ള മറ്റ് ഇന്ധനങ്ങളോ ഉപയോഗിച്ച് പ്രവർത്തനം തുടരുമ്പോൾ, ബജ്ജി, ബോണ്ട, സമൂസ സ്റ്റാളുകളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിരിക്കുന്നത്. “വളരെ കുറഞ്ഞ ലാഭത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഗ്യാസ് ഇല്ലാതെ കട നടത്താൻ കഴിയില്ല,” രാജരാജേശ്വരി നഗറിലെ ഒരു കടയുടമ പറഞ്ഞു.സമൂസ, ഗോബി മഞ്ചൂരിയൻ, ചായ, കാപ്പി തുടങ്ങിയ വിഭവങ്ങൾ നൽകുന്ന ചെറിയ ഭക്ഷണശാലകൾ പൂർണ്ണമായും വാണിജ്യ എൽപിജി സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്. സാധാരണയായി 15 ദിവസം നീളുന്ന ഒരു സിലിണ്ടർ, ഇപ്പോൾ 20 ദിവസത്തിലേറെയായി ലഭിക്കാത്ത അവസ്ഥയാണ്. ഇതോടെ പലരും കടകൾ അടയ്ക്കേണ്ടിവന്നു.
ഇതിനിടെ, സിലിണ്ടറുകൾ അനധികൃതമായി വഴിതിരിച്ചുവിട്ട് 5,000 മുതൽ 10,000 രൂപ വരെ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നുവെന്ന ആരോപണങ്ങളും ഉയരുന്നു. “ക്ഷാമമുണ്ടെങ്കിൽ കരിഞ്ചന്തയിൽ എങ്ങനെ സിലിണ്ടർ ലഭിക്കുന്നു?” എന്ന് വ്യാപാരികൾ ചോദിക്കുന്നു.സിലിണ്ടർ ലഭ്യത ആവശ്യപ്പെട്ട് രാജരാജേശ്വരിനഗറിൽ നിരവധി കടയുടമകൾ പ്രതിഷേധം സംഘടിപ്പിച്ചു. കർണാടക രാജ്യ കാർമികര പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ വിറകുപയോഗിച്ച് ചായ ഉണ്ടാക്കി വിതരണം ചെയ്ത് അവർ അവസ്ഥയുടെ ഗൗരവം പ്രകടിപ്പിച്ചു.“ഹോട്ടലുകൾക്ക് ചില സഹായം ലഭിച്ചെങ്കിലും ചെറുകിട കടകളെ അവഗണിക്കുന്നു. ഈ സാഹചര്യം തുടർന്നാൽ പല കടകളും പൂട്ടേണ്ടിവരും,” അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രവി ഷെട്ടി ബൈന്ദൂർ പറഞ്ഞു.
അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകൾ ഉപയോഗിച്ചതിന് പിഴ ചുമത്തപ്പെടുന്നതായും വ്യാപാരികൾ പരാതിപ്പെടുന്നു. “അനധികൃത വിൽപ്പന നിയന്ത്രണമില്ലാതെ നടക്കുമ്പോൾ, ജീവിക്കാൻ ശ്രമിക്കുന്ന ഞങ്ങളെയാണ് ശിക്ഷിക്കുന്നത്,” മറ്റൊരു കടയുടമ പറഞ്ഞു.അധികൃത കണക്ക് വ്യത്യസ്ത ചിത്രംപ്രതിസന്ധിക്കിടെ, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്കുകൾ വ്യത്യസ്ത ചിത്രം പുറത്തുവിട്ടു. കഴിഞ്ഞ 10 ദിവസത്തിനിടെ കർണാടകയിൽ 30,51,045 ഗാർഹിക എൽപിജി സിലിണ്ടറുകളും 67,641 വാണിജ്യ സിലിണ്ടറുകളും വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. കൂടാതെ, 40,083 ഓട്ടോ എൽപിജി സിലിണ്ടറുകളും വിതരണം ചെയ്തിട്ടുണ്ട്.ഇതോടെ വിതരണക്കണക്കുകളും നിലത്തുള്ള യാഥാർത്ഥ്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന സംശയം ശക്തമാകുന്നു.