ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എല്‍.പി.ജി. ക്ഷാമം രൂക്ഷമായതിനാല്‍ ഓട്ടോറിക്ഷകള്‍ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.കർണാടകയില്‍ 372 ഓട്ടോ എല്‍.പി.ജി. വിതരണകേന്ദ്രങ്ങളുണ്ട്. സർക്കാരിന്റെ കീഴില്‍ 72 എണ്ണംമാത്രമേ പ്രവർത്തിപ്പിക്കുന്നുള്ളു. ബാക്കി 300 എണ്ണം സ്വകാര്യകമ്പനികളാണ് നടത്തുന്നത്. ആഗോളതലത്തില്‍ വിലക്കയറ്റത്തെത്തുടർന്ന് അവർ കിലോയ്ക്ക് 110 രൂപ വരെ വില വർധിപ്പിച്ചു. എന്നാല്‍, കേന്ദ്രം ഓട്ടോ എല്‍.പി.ജി. വില വർധിപ്പിച്ചിട്ടില്ല. അതിനാല്‍, സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളില്‍ ഓട്ടോ എല്‍.പി.ജി.യുടെ വില കിലോയ്ക്ക് ഏകദേശം 89 രൂപയാണെന്ന് ജോഷി പറഞ്ഞു.രാജ്യത്ത് ഏകദേശം 60 ശതമാനം എല്‍.പി.ജി. ഉത്പാദിപ്പിക്കുന്നുണ്ട്.
40 ശതമാനം ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഓട്ടോറിക്ഷകള്‍ പെട്രോളിനെ ആശ്രയിക്കുന്നതായിരുന്നു കൂടുതല്‍ നല്ലത്. ആഗോളതലത്തില്‍ ഓട്ടോ എല്‍.പി.ജി. വിഭവങ്ങള്‍ പരിമിതമാണ്. അതിനാലാണ് രാജ്യത്തുടനീളമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഓട്ടോ എല്‍.പി.ജി. കേന്ദ്രങ്ങളില്‍ നീണ്ട വരി കാണുന്നതെന്നും മന്ത്രി പറഞ്ഞു.ഓട്ടോ എല്‍.പി.ജി. ക്ഷാമത്തെത്തുടർന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ പ്രതിസന്ധിയിലാണ്. എല്‍.പി.ജി. പമ്പുകള്‍ മിക്കതും അടച്ചിട്ടിരിക്കുകയാണ്. തുറന്ന പമ്പുകളില്‍ ഡ്രൈവർമാരുടെ നീണ്ട നിരയാണ്. വാതകം നിറയ്ക്കാൻ മണിക്കൂറുകളോളം വരിനില്‍ക്കേണ്ട ഗതികേടിലാണ് ഡ്രൈവർമാർ. ഇതിനിടയിലാണ് പെട്രോളിലേക്ക് മാറണമെന്ന് ഓട്ടോ ഡ്രൈവർമാരോട് കേന്ദ്രമന്ത്രി നിർദേശിച്ചിരിക്കുന്നത്.