ന്യൂഡെല്‍ഹി: നിങ്ങള്‍ പുതിയ ഗ്യാസ് കണക്ഷന് എടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കൈ പൊള്ളും. എണ്ണ വിപണന കംപനികള്‍ (OMCs) പുതിയ സിലിന്‍ഡറുകളുടെ സെക്യൂരിറ്റി തുക വര്‍ധിപ്പിച്ചതിനാല്‍, നിങ്ങള്‍ കൂടുതല്‍ പണം അടയ്ക്കേണ്ടിവരും.പുതിയ നിരക്കുകള്‍ 2022 ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും. ഉയര്‍ന്ന ഗ്യാസ് വിലയും പെട്രോള്‍, ഡീസല്‍ നിരക്കുകളും അത് വരുത്തിയ വിലക്കറ്റവും കൊണ്ട് നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് മറ്റൊരു തിരിച്ചടികൂടിയായേക്കും ഈ നീക്കം.
സേവനത്തിനായി ഉപഭോക്താക്കള്‍ 750 രൂപ അധികം നല്‍കണം. ഒരു കണക്ഷന് 1450 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് പുതിയ ഗ്യാസ് കണക്ഷന് 2200 രൂപ അടയ്ക്കേണ്ടിവരും.കൂടാതെ, 14.2 കിലോ വീതം ഭാരമുള്ള രണ്ട് സിലിന്‍ഡറുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ കണക്ഷന് എടുക്കുന്ന സമയത്ത് 1500 രൂപ കണക്ഷന് നിരക്കിന് പുറമെ നല്‍കണം. അതായത് പുതിയ കണക്ഷന് എടുക്കുമ്ബോള്‍ രണ്ട് സിലിന്‍ഡറുകള്‍ എടുക്കുന്നതിന് ഉപഭോക്താക്കള്‍ സെക്യൂരിറ്റിയായി മൊത്തം 4,400 രൂപ നല്‍കേണ്ടിവരും.
ഒരു എല്‍പിജി ഗ്യാസ് റെഗുലേറ്റര്‍ വാങ്ങണമെങ്കില്‍ 250 രൂപ അധികം നല്‍കേണ്ടിവരും. മുമ്ബ്, റെഗുലേറ്ററിന്റെ വില 150 രൂപയായിരുന്നു. അഞ്ച് കിലോ സിലിന്‍ഡറുകള്‍ക്കുള്ള സെക്യൂരിറ്റി തുകയും കംപനികള്‍ വര്‍ധിപ്പിച്ചു. ഉപഭോക്താക്കള്‍ അഞ്ച് കിലോ സിലിന്‍ഡറിന് 800 രൂപയ്ക്ക് പകരം 1150 രൂപ നല്‍കണം.
കൂടാതെ, പുതിയ ഗ്യാസ് കണക്ഷനുള്ള പാസ്ബുകിന് 25 രൂപയും പൈപിന് 150 രൂപയും ഉപഭോക്താക്കള്‍ നല്‍കണം. ഗ്യാസ് സിലിന്‍ഡറിന്റെ അടുപ്പ് എടുക്കുന്നതിന് വേറെയും പണം നല്‍കണം. അങ്ങനെ പുതുതായി കണക്ഷനെടുത്ത്, അടുപ്പില്‍ തീ കത്തണമെങ്കില്‍ കയ്യിലിരിക്കുന്ന പഴ്സ് കാലിയാക്കേണ്ടിവരുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.