ന്യൂഡല്‍ഹി| ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഇലക്‌ട്രിക്ക് വാഹനമാവാന്‍ മഹീന്ദ്രയുടെ ഇ-കെയുവി100 ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്.2020ല്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് മഹീന്ദ്ര ഇ-കെയുവി100നെ അവതരിപ്പിച്ചത്. ഫെയിം സബ്‌സിഡി അടക്കം 8.25 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വിലയായി വാഹനത്തിന് പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിയുടെ വരവോടെ വാഹനത്തിന്റെ വിപണിയിലേക്കുള്ള വരവ് മുടങ്ങുകയായിരുന്നു.
മുന്‍പ് പ്രഖ്യാപിച്ചതുപോലെ 8.25 ലക്ഷം രൂപ തന്നെയായിരിക്കുമോ വില എന്ന് വ്യക്തമല്ല. എന്നാല്‍ 10 ലക്ഷം രൂപയില്‍ താഴെയാണ് ഇ-കെയുവി100ന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇ-കെയുവി100 ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഇലക്‌ട്രിക്ക് വാഹനമാകും.അതേസമയം ഇ-കെയുവി100 എന്ന പേരിന് പകരം ഇ2ഒ എന്ന പേരിലാവും ഇലക്‌ട്രിക്ക് എസ് യുവി വില്‍പനയ്‌ക്കെത്തുക എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹീന്ദ്ര മുന്‍പ് ഇതേ പേരില്‍ ഇലക്‌ട്രിക്ക് ഹാച്ച്‌ബാക്ക് രാജ്യത്ത് വില്‍പന നടത്തിയിരുന്നു. 15.9 കിലോവാട്ട് ബാറ്ററിയാണ് ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഇ-കെയുവി100ല്‍ ക്രമീകരിച്ചിരുന്നത്. ഫാസ്റ്റ് ചാര്‍ജ് ഓപ്ഷനും ലഭ്യമാണ്. ഒരു മണിക്കൂറില്‍ എണ്‍പതു ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജിങ്ങില്‍ ഈ ഇലക്‌ട്രിക് മൈക്രോ ഇലക്‌ട്രിക്ക് എസ് യുവി 147 കിലോമീറ്റര്‍ ഓടും. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന മോഡലിന് 250 കിലോമീറ്ററെങ്കിലും റെയ്ഞ്ചുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.