ബെംഗളൂരു: കർണാടകത്തിൽ ലോറിഡ്രൈവർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം തുടരുന്നതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കത്തെ ബാധിച്ചിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾ, പാചകവാതകം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ നീക്കത്തെയാണ് ബാധിച്ചത്. എന്നാൽ, ഒരുവിഭാഗം ഡ്രൈവർമാർ സമരത്തെ അനുകൂലിക്കാത്തതിനാൽ ചരക്കുനീക്കം പൂർണമായി നിലച്ചിട്ടില്ല. സമരത്തെത്തുടർന്ന് ചരക്കുനീക്കം നടക്കാത്തതിനാൽ മൈസൂരുവിലെ എ.പി.എം.സി. മാർക്കറ്റിൽ പച്ചക്കറികളുടെ വിലയിൽ കുറവുവന്നിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) അനുസരിച്ച് വാഹനാപകടം സംബന്ധിച്ച വകുപ്പുകൾ ഡ്രൈവർമാരെയും ഉടമകളെയും അനാവശ്യ നിയമക്കുരുക്കിലേക്ക് തള്ളിവിടുന്നതാണെന്ന് ആരോപിച്ച് ബുധനാഴ്ച അർധരാത്രിമുതലാണ് അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്.
അനുമതിയില്ലാതെ റൂട്ട് മാറിയെന്ന്; ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസ്
അസമില്‍ അനുമതിയില്ലാത്ത റൂട്ട് തിരഞ്ഞെടുത്തതിന്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കും മുഖ്യ സംഘാടകൻ കെ.ബി.ബൈജുവിനുമെതിരെ പൊലീസ് കേസെടുത്തു. കെ.ബി റോഡിലെ റൂട്ടിനുപകരം അനുമതിയില്ലാതെ ജോർഹട്ട് ടൗണില്‍ പ്രവേശിച്ചതിനാണ് കേസ്. പെട്ടെന്ന് ജനം തടിച്ചുകൂടിയതിനാല്‍ ചിലർ വീണെന്നും ഇത് ദുരന്ത സമാനമായ സാഹചര്യം സൃഷ്ടിച്ചുവെന്നുമാണ് പൊലീസ് വിശദീകരണം.എന്നാല്‍, യാത്രക്ക് അനാവശ്യ തടസ്സം സൃഷ്ടിക്കാനാണ് കേസെടുത്തതെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ആരോപിച്ചു.
യാത്രയുടെ വിജയത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ആദ്യ ദിവസം തന്നെ ഭയന്നിരിക്കുകയാണെന്നും ഇപ്പോള്‍ അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ന്യായ് ജോഡോ യാത്ര ബി.െജ.പി ഭരിക്കുന്ന അസമില്‍ നിരവധി തടസ്സങ്ങളാണ് നേരിടുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. ആദ്യ ഭാരത് ജോഡോ യാത്ര ബി.ജെ.പി ഭരണമുള്ള സംസ്ഥാനങ്ങളില്‍ പോലും പ്രശ്നങ്ങള്‍ നേരിട്ടിരുന്നില്ല. രണ്ടു ദിവസത്തിനിടെ അസമിലുണ്ടായ ബുദ്ധിമുട്ടുകള്‍ മറ്റെവിടെയുമുണ്ടായിട്ടില്ല. ഒരു ദിവസം കൊണ്ടുതന്നെ മുഖ്യമന്ത്രി പരിഭ്രമിച്ചിരിക്കുകയാണ്. കേസെടുത്ത് ഞങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജനങ്ങളെ തടഞ്ഞുവെന്നും ജയറാം രമേശ് ആരോപിച്ചു.