കാസര്‍കോട്: മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തില്‍ ഭര്‍ത്താവ് അനീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി പോലീസ്.സംഭവം നടന്ന് രണ്ടര മാസം കഴിഞ്ഞിട്ടും അനീഷിനെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ബെംഗളൂരു പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിന് ശേഷം രണ്ട് തവണ ബെംഗളൂരു പൊലീസ് അനീഷിന്‍റെ സ്വദേശമായ കണ്ണൂരിലെത്തി തെരച്ചില്‍ നടത്തിയിരുന്നു. അനീഷിന്‍റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഉള്‍പ്പടെ അന്വേഷണസംഘം എത്തി. എന്നാല്‍ അനീഷിനെ പറ്റി വിവരമൊന്നും ലഭിച്ചില്ല.മാര്‍ച്ച് ഇരുപതിനാണ് കാസര്‍കോട് സ്വദേശിനിയും റോയിട്ടേഴ്‌സ് സീനിയര്‍ എഡിറ്ററുമായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹത്തിന് ശേഷം പണത്തിനായി ശ്രുതിയെ ഭര്‍ത്താവ് അനീഷ് നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.