Home Featured മുസ്‌ലിംകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കു; ബി.എസ്.യെദ്യൂരപ്പ

മുസ്‌ലിംകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കു; ബി.എസ്.യെദ്യൂരപ്പ

by മൈത്രേയൻ

ബംഗളൂരു: മുസ്‌ലിംകളെ സമാധാനത്തോടെയും അന്തസോടെയും ജീവിക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്.യെദ്യൂരപ്പ.

മുസ്ലീങ്ങളെയും മുസ്ലീം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ലക്ഷ്യംവച്ച്‌ തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രചാരണങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ പ്രസ്താവന.

മുസ്ലീങ്ങളുടെ പഴവണ്ടികള്‍ നശിപ്പിച്ചതിന് ശ്രീരാമസേനയിലെ നാല് അംഗങ്ങളെ ധാര്‍വാഡില്‍ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രസ്താവന. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ അവസാനിപ്പിക്കണമെന്ന് യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു.

“ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു അമ്മയുടെ മക്കളെപ്പോലെ ജീവിക്കുന്നത് കാണണമെന്നാണ് എന്‍റെ ആഗ്രഹം. ചില കുബുദ്ധികള്‍ അത് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു, ഇത്തരം സംഭവങ്ങള്‍ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്,” യെദ്യൂരപ്പ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇനിയെങ്കിലും ഇത്തരം അസുഖകരമായ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിവാദത്തിന് ശേഷം ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ നടത്തുന്ന പ്രചാരണങ്ങളെ പരസ്യമായി വിമര്‍ശിച്ച ആദ്യത്തെ മുതിര്‍ന്ന നേതാവാണ് ബിജെപി നേതാവ് യെദ്യൂരപ്പ.

കര്‍ണാടക നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി ജെ.സി.മധുസ്വാമി ഇത്തരം സംഭവങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രസ്താവന. “സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചവരെല്ലാം ഇന്ത്യക്കാരാണ്. ഈ രാജ്യം എല്ലാവരുടേതുമാണ്,മധുസ്വാമി ഞായറാഴ്ച ബെലഗാവിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചിലരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദികളാകില്ലെന്നും എന്നാല്‍, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്താല്‍ അത്തരം ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group