മംഗളുറു: നഗരപരിധിയില്‍ പുലിയെ കണ്ടതായി റിപോര്‍ടുകള്‍. ഞായറാഴ്ച വൈകുന്നേരം മരോളി ജയനഗറിലും തിങ്കളാഴ്ച കങ്കനാടി ബള്ളാല്‍ഗുഡ്ഡെ പ്രദേശത്തും പുലി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. ജയനഗര്‍ നാലാം ക്രോസില്‍ താമസിക്കുന്ന പ്രതിഭ ശ്രീധര്‍ ഷെട്ടി എന്ന സ്ത്രീ ഞായറാഴ്ച വൈകുന്നേരം ആറരയോടെ കുട്ടികളോടൊപ്പം നടക്കാന്‍ ഇറങ്ങിയിരുന്നു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഇവരുടെ ഇളയമകള്‍ കുറച്ചുപിന്നിലായാണ് നടന്നിരുന്നത്. ആ സമയം ഒരു മൃഗം റോഡ് മുറിച്ചുകടന്നതായി കുട്ടി പറയുന്നു. മൃഗത്തെ ശരിയായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല, പക്ഷേ വീഡിയോ എടുത്തിരുന്നു. വീട്ടിലെത്തിയ ശേഷം അവര്‍ വീഡിയോ പരിശോധിച്ചപ്പോള്‍ അത് പുലിയാണെന്ന് തിരിച്ചറിഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉടന്‍ വിവരമറിയിച്ചെങ്കിലും ഇരുട്ടായതിനാല്‍ തിരച്ചില്‍ നടത്താനായില്ല.
അതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കങ്കനാടി ബള്ളാല്‍ഗുഡ്ഡെ മേഖലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മംഗളുറു റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രശാന്ത് പൈയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല് സ്ഥലങ്ങളില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി.
ചൊവ്വാഴ്ച രാവിലെ മുതല്‍ പരിശോധനയ്ക്കായി മൃഗഡോക്ടറുടെ സേവനവും തേടിയിരുന്നു. മരോളി, ജയനഗര്‍, കങ്കനാടി പ്രദേശങ്ങള്‍ നിരവധി പാര്‍പിട, വാണിജ്യ സമുച്ചയങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളാണ്. വേട്ടയ്ക്കിടെ പുലി ഓടുകയോ അപകടമുണ്ടാക്കുകയോ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകുമെന്ന് പ്രശാന്ത് പൈ പറഞ്ഞു.
‘വിമാനത്താവളത്തിന് സമീപം നാല് പുള്ളിപ്പുലികളുണ്ടായിരുന്നു. അതില്‍ ഒന്ന് ഈയിടെ ചത്തിരുന്നു. ഇപ്പോള്‍ ഈ പ്രദേശത്ത് മൂന്ന് പുള്ളിപ്പുലികള്‍ കോഴികളെയും പശുക്കളെയും നായ്ക്കളെയും വേട്ടയാടുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് കുദ്രേമുഖ്, മൂഡുബിദ്രി വഴി പുള്ളിപ്പുലികള്‍ ഇറങ്ങുന്നു. പച്ചനാടി ഭാഗത്ത് ഒരാഴ്ച മുമ്ബ് പുലിയെ കണ്ടിരുന്നു’ – പ്രശാന്ത് പൈ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജയനഗര്‍ പ്രദേശത്ത് നിന്ന് 25 -ലധികം തെരുവ് നായ്ക്കളെ കാണാതായതായും പുള്ളിപ്പുലി അതിനെ തിന്നതായും സംശയിക്കുന്നതായി കോര്‍പറേഷന്‍ കൗണ്‍സിലര്‍ കേശവ് മരോളി പറഞ്ഞു.