Home covid19 TCS, Infosys, Wipro ജീവനക്കാര്‍ അടുത്ത മാസം മുതല്‍ ഓഫീസുകളിലേക്ക് മടങ്ങുമോ? ഹ്രൈബ്രിഡ് മോഡല്‍ തിരഞ്ഞെടുത്ത് ഐടി കമ്ബനികള്‍

TCS, Infosys, Wipro ജീവനക്കാര്‍ അടുത്ത മാസം മുതല്‍ ഓഫീസുകളിലേക്ക് മടങ്ങുമോ? ഹ്രൈബ്രിഡ് മോഡല്‍ തിരഞ്ഞെടുത്ത് ഐടി കമ്ബനികള്‍

by കൊസ്‌തേപ്പ്

ഇന്ത്യയിലെ മുന്‍നിര ഐടി സ്ഥാപനങ്ങള്‍ (IT Companies) ജീവനക്കാരെ ഓഫീസുകളിലിരുന്നുള്ള ജോലിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.പതിയെയാണെങ്കിലും കോവിഡ് 19 കേസുകളുടെ എണ്ണം കുറയുന്നതിനാല്‍, ഐടി ഭീമനായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (TCS), വിപ്രോ (Wipro), കോഗ്‌നിസന്റ്, ഇന്‍ഫോസിസ് (Infosys) തുടങ്ങിയ ഐടി കമ്ബനികള്‍ തങ്ങളുടെ ജീവനക്കാരോട് ഓഫീസില്‍ എത്തിയുള്ള ജോലിക്ക് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ അടുത്ത മാസം ആദ്യം തന്നെ ഓഫീസുകളിലേക്ക് എത്തിക്കാനാണ് കമ്ബനികളുടെ ശ്രമം.

കോവിഡ് പശ്ചാത്തലത്തില്‍ ഏകദേശം രണ്ട് വര്‍ഷത്തെ വീട്ടിലിരുന്നുള്ള ജോലിക്ക് ശേഷം, ഓഫീസുകളില്‍ എത്തി ജോലി ചെയ്യുക എന്നത് സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വലിയ മാറ്റമായിരിക്കും. മിക്ക കമ്ബനികളും – വീട്ടിലിരുന്നും ഓഫീസിലിരുന്നുമുള്ള ഹൈബ്രിഡ് വര്‍ക്ക് മോഡല്‍ പിന്തുടരാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും, ഐടി ജീവനക്കാരുടെ തൊഴില്‍ ജീവിതത്തില്‍ ഇത് കാര്യമായ തടസ്സങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

ബെംഗളൂരു ആസ്ഥാനമായുള്ള വിപ്രോ മാനേജര്‍ തസ്തികയിലുള്ളവരോടും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും മാര്‍ച്ച്‌ 3നകം മടങ്ങി എത്താന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും അവര്‍ക്ക് ഓഫീസിലെത്തി ജോലി ചെയ്യേണ്ടി വരിക. കോഗ്നിസന്റ് തങ്ങളുടെ ജീവനക്കാര്‍, ഏപ്രിലോടെ ഓഫീസുകളിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിസിഎസും ഇന്‍ഫോസിസും ഹൈബ്രിഡ് വര്‍ക്ക് മോഡലിന്റെ ട്രെന്‍ഡുകള്‍ പിന്തുടരനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്‍ഫോസിസ് 2022 വരെ ഹൈബ്രിഡ് വര്‍ക്ക് മോഡല്‍ തുടരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ഓഫീസുകള്‍ അടുത്ത മൂന്ന് നാല് മാസത്തിനുള്ളില്‍ തുറക്കും. ജീവനക്കാരെ ക്രമേണ ഓഫീസുകളില്‍ എത്തിക്കാനാണ് ടിസിഎസ് പദ്ധതിയിടുന്നത്.

”മാര്‍ച്ച്‌ 3 മുതല്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത മാനേജര്‍മാര്‍ക്കും അതിന് മുകളിലുള്ള ജീവനക്കാര്‍ക്കും ഇന്ത്യയിലെ ഓഫീസുകളില്‍ ആഴ്ചയില്‍ രണ്ടു ദിവസം (തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍) എത്താനുള്ള ഓപ്ഷന്‍ നല്‍കും. മറ്റ് ജീവനക്കാര്‍ക്കായി വര്‍ക്ക് ഫ്രം ഹോം സംവിധാനം വിപുലീകരിക്കുന്നതിനുള്ള ശ്രമം തുടരും”, വിപ്രോ വക്താവ് വ്യക്തമാക്കി.

ടിസിഎസ് തങ്ങളുടെ ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം അയച്ച ഇമെയിലുകള്‍ പ്രകാരം, വര്‍ക്ക് അറ്റ് ഹോം രീതിയില്‍ ജോലി ചെയ്യാനുള്ള അവസരം തുടരുമെന്ന് തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ”ലോകമെമ്ബാടുമുള്ള നമ്മുടെ ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയും മൊത്തത്തിലുള്ള കോവിഡ് -19 സ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്നതിനാല്‍, നമ്മുടെ നിരവധി ജോലിക്കാര്‍ ഇതിനകം തന്നെ ടിസിഎസ് ഓഫീസിലില്‍ എത്തി പതിവായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്,” കഴിഞ്ഞ ആഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ ടിസിഎസ് പറഞ്ഞു.

മാനേജ്മെന്റ് പറയുന്നതനുസരിച്ച്‌, കമ്ബനിയുടെ 96 ശതമാനത്തിലധികം ജീവനക്കാരും ഇപ്പോഴും വീട്ടിലിരുന്നുള്ള ജോലി ചെയ്യുന്നുണ്ടെന്നും കമ്ബനി മുന്‍കരുതലുകള്‍ എടുക്കുന്നത് തുടരുന്നതിനാല്‍ ഈ മോഡില്‍ നിന്ന് പെട്ടെന്നുള്ള മാറ്റം കമ്ബനി ആഹ്വാനം ചെയ്യുന്നില്ലെന്നും പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഔട്ട്‌സോഴ്‌സിംഗ് കമ്ബനിയായ ടിസിഎസ്, 2022 ന്റെ തുടക്കത്തോടെ കമ്ബനിയിലെ 90 ശതമാനം ജീവനക്കാരെയും തിരികെ വിളിക്കാനുള്ള പദ്ധതിയെക്കുറിച്ച്‌ നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ കമ്ബനി പിന്നീട് 2025 മോഡല്‍ പദ്ധതിയെക്കുറിച്ച്‌ ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു. 2025 മോഡല്‍ എന്നത് കൊണ്ട് കമ്ബനി ഉദ്ദേശിക്കുന്നത്, 2025 വരെ കമ്ബനിയിലെ മൊത്തം ജീവനക്കാരുടെ 25 ശതമാനം പേര്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ ജോലി ചെയ്യുന്ന വിധത്തിലുള്ള സംവിധാനമാണ്.

ഇന്‍ഫോസിസ് ഹൈബ്രിഡ് മോഡല്‍ പിന്തുടരുകയാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. കമ്ബനിയുടെ 96 ശതമാനത്തിലധികം ജീവനക്കാരും ഇപ്പോഴും വിദൂര സ്ഥലങ്ങളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നതെന്നും മുന്‍കരുതലുകള്‍ തുടരുന്നതിനാല്‍ ഈ വര്‍ക്ക് മോഡില്‍ നിന്ന് പെട്ടെന്നുള്ള മാറ്റം കമ്ബനി ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇന്‍ഫോസിസ് എച്ച്‌ആര്‍ മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ റിച്ചാര്‍ഡ് ലോബോ അറിയിച്ചത്. ”കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിധേയമായി, ഏകദേശം 40-50 ശതമാനം ജീവനക്കാര്‍ക്ക് ഓഫീസിലേക്ക് മടങ്ങാന്‍ സാധിക്കുന്ന ഒരു ഹൈബ്രിഡ് മോഡല്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും.” ലോബോ വ്യക്തമാക്കി.

– Work Stress | ജീവിതത്തില്‍ മുന്‍ഗണന നല്‍കേണ്ടത് എന്തിന്? ജോലി സമ്മര്‍ദ്ദം കുറയ്ക്കാന്‍ അഞ്ച് വഴികള്‍

കോഗ്‌നിസെന്റിന് തങ്ങളുടെ ജീവനക്കാരെ ഏപ്രില്‍ മുതല്‍ തിരികെ എത്തിക്കാനുള്ള പദ്ധതിയിലാണ്. ”ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം നിരീക്ഷിച്ച്‌ – 2022 ഏപ്രില്‍ മുതല്‍ ഘട്ടം ഘട്ടമായി ഓഫീസിലേക്ക് ജീവനക്കാരെ മടങ്ങി എത്തിക്കാനാണ് കോഗ്‌നിസന്റ് ലക്ഷ്യമിടുന്നത്.” കമ്ബനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ശാന്തനു ഝാ പറഞ്ഞു. ഒരു ക്ലയിന്റ് സൈറ്റിലേക്കോ പൂര്‍ണ്ണമായും വീട്ടിലിരുന്നുള്ള ജോലി ചെയ്യുന്നതിനോ നിയമിച്ചിട്ടില്ലാത്ത ജീവനക്കാര്‍ക്ക്, ഹൈബ്രിഡ് മോഡലിന് കീഴിലുള്ള തങ്ങളുടെ പുതിയ സ്റ്റാന്‍ഡേര്‍ഡ് വര്‍ക്ക് വീക്കില്‍ മൂന്ന് ദിവസം ഓഫീസിലും ബാക്കി രണ്ട് ദിവസം റിമോട്ട് വര്‍ക്ക് മോഡലുമായിരിക്കും ജോലിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറില്‍ ഐടി ഭീമന്മാര്‍ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിക്കാനൊരുങ്ങിയിരുന്നെങ്കിലും പിന്നീട് ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കോവിഡ് മഹാമാരി മൂലം, ഏതാണ്ട് ഒരു വര്‍ഷത്തിലധികമായി മിക്ക ഐടി കമ്ബനികളിലെയും ഭൂരിപക്ഷം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിനാണ്‌ ജോലി ചെയ്യുന്നത്. കോവിഡ് 19 മഹാമാരിയുടെ കടന്നു വരവോട് കൂടിയാണ്, അധികമാര്‍ക്കും പരിചയമില്ലാത്ത വര്‍ക്ക് ഫ്രം ഹോം എന്ന സംവിധാനം പ്രസിദ്ധിയാര്‍ജിച്ചത്. അത് തന്നെയാണ് ഹൈബ്രിഡ് ജോലി സംവിധാനത്തിന്റെ അടിസ്ഥാനവും. തങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാം എന്ന സ്ഥിതി പല ജീവനക്കാര്‍ക്കും ഇണങ്ങുന്ന സംവിധാനമായി മാറി. സൗകര്യാര്‍ത്ഥം ഏത് സ്ഥലത്ത് നിന്നും ജോലി ചെയ്യാന്‍ സാധിക്കുമെന്ന അയവുള്ള സംവിധാനമാണ് ഇത്.

You may also like

error: Content is protected !!
Join Our WhatsApp Group