ബെംഗളൂരു : ബെംഗളൂരുവിൽ മെട്രോട്രെയിനു മുന്നിൽ ചാടി മുംബൈ സ്വദേശിയായ നിയമ വിദ്യാർഥി മരിച്ചു. നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ സർവകലാശാലയിലെ ഒന്നാംവർഷ ബി.എ. എൽ.എൽ.ബി. വിദ്യാർഥിയായ ധ്രുവ് ജതിൻ താക്കർ (19) ആണ് മരിച്ചത്. നമ്മ മെട്രോ പർപ്പിൾ ലൈനിലെ അറ്റിഗുപ്പെ മെട്രോ സ്റ്റേഷനിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10- നായിരുന്നു സംഭവം.ഇതേത്തുടർന്ന് മാഗഡി റോഡിനും ചല്ലഘട്ടയ്ക്കുമിടയിൽ മെട്രോ സർവീസ് 49 മിനിറ്റ് നിർത്തി വെച്ചു. 2011-ൽ ബെംഗളൂരുവിൽ മെട്രോ സർവീസ് ആരംഭിച്ചതിന് ശേഷം മെട്രോ ട്രാക്കിലുണ്ടായ മൂന്നാമത്തെ മരണമാണിത്.
മെട്രോക്ക് മുന്നിലേക്ക് വിദ്യാർഥി അപ്രതീക്ഷിതമായി എടുത്തു ചാടുകയായിരുന്നുവെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എസ്. ശങ്കർ പറഞ്ഞു.ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടപ്പോഴേക്കും രണ്ടു കോച്ചുകൾ വിദ്യാർഥിയുടെ മുകളിലൂടെ കടന്നു പോയിരുന്നു. അപകടസ്ഥലത്ത് തന്നെ മരിച്ചു. ചന്ദ്ര ലേഔട്ട് പോലീസ് എത്തിയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്.
ഡോക്ടർമാർക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിലക്ക്; വിവാദ സർക്കുലർ റദ്ദാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജീവനക്കാർക്ക് സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയുള്ള സർക്കുലർ പിൻവലിച്ചു. സർക്കുലർ വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് വിവാദ സർക്കുലർ ആരോഗ്യവകുപ്പ് റദ്ദ് ചെയ്തത്. ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾക്കും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും അടക്കമായിരുന്നു വിവാദ സർക്കുലറിൽ വിലക്കിയിരുന്നത്. സർക്കുലർ ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നുവെന്നാണ് പുതിയ ഉത്തരവ് വിശദമാക്കുന്നത്.
വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നിരുന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചിരുന്നു. അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് സര്‍ക്കുലറെന്നും ഡോക്ടർമാരുടെ സംഘടന വിമര്‍ശനം ഉയർത്തിയിരുന്നു. സർക്കാർ ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി കൊണ്ടായിരുന്നു ഡിഎച്ച്എസിന്റെ സർക്കുലർ. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘം 48 ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.