Home Featured ബിഹാറിൽ നാടകീയ നീക്കങ്ങൾ; ബിജെപി പുറത്ത്; ജെഡിയു-ആർജെഡി കോൺഗ്രസ് സർക്കാരിന് നീക്കം

ബിഹാറിൽ നാടകീയ നീക്കങ്ങൾ; ബിജെപി പുറത്ത്; ജെഡിയു-ആർജെഡി കോൺഗ്രസ് സർക്കാരിന് നീക്കം

പട്ന: ബിഹാറിൽ ബിജെപി- ജെഡിയു ബന്ധം അവസാനിപ്പിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർ ഫഗു ചൗഹാനെ കാണുന്നതിനായി സമയം തേടി.സർക്കാരിന്റെ രാജിക്കത്ത് നിതീഷ് നൽകിയേക്കും. ആർജെഡി നേതാവ് തേജസ്വി യാദവും നിതീഷിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എൻഡിഎ സഖ്യം വിടുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനായി ജെഡിയുവിന്റെ നിർണായക യോഗം നിതീഷ് കുമാർ ഇന്ന് വിളിച്ചു ചേർത്തിരുന്നു.

ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാൽ ജെഡിയുവിനെപിന്തുണയ്ക്കുമെന്ന് ആർജെഡിയും കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ മാതൃകയിൽ മഹാസഖ്യം രൂപീകരിക്കുന്നത് പരിഗണനയിലാണ്. കോൺഗ്രസ്, ഇടത്, ആർജെഡി എംഎൽഎമാർ തേജസ്വി യാദവിന് പിന്തുണ നൽകിക്കൊണ്ടുള്ള കത്ത് കൈമാറിയിട്ടുണ്ട്. സഖ്യസർക്കാരിൽ ആർജെഡി ആഭ്യന്തര വകുപ്പ്, സ്പീക്കർ പദവി എന്നിവ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ആഭ്യന്തരം തനിക്ക് വേണമെന്ന് തേജസ്വി ആവശ്യപ്പെട്ടതായാണ് സൂചന.അതേസമയം നിതീഷ് സർക്കാരിൽ നിന്നും ബിജെപിയുടെ 16 മന്ത്രിമാരും രാജിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദിന്റെ വീട്ടിൽ ചേർന്ന യോഗത്തിന് ശേഷമാണ് ബിജെപി തീരുമാനം. എന്നാൽ രാജി പ്രഖ്യാപന തീരുമാനം ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട് തടഞ്ഞു.

നിതീഷ് കുമാറിന്റെ നീക്കങ്ങൾ അറിഞ്ഞശേഷം പ്രഖ്യാപനം നടത്തിയാൽ മതിയെന്നാണ് ബിജെപി കേന്ദ്രനേതൃത്വം നിർദേശം നൽകിയിട്ടുള്ളത്. ബിഹാർ രാഷ്ട്രീയത്തിൽ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു- ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിയത്. മഹാരാഷ്ട്ര മോഡലിൽ ശിവസേനയെ പിളർത്തി ഭരണം നേടിയതുപോലെ പാർട്ടിക്കുള്ളിൽ വിമതരെ സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ജെഡിയു നേതൃത്വത്തിന്റെ സംശയമാണ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്.

ബിഹാറിലെ 243 അംഗ നിയമസഭയിൽ 80 സീറ്റുള്ള ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 77 സീറ്റുണ്ട്. ജെഡിയുവിന് 55 സീറ്റുകളാണുള്ളത്. ആർജെഡിയുമായി സഖ്യത്തിലുള്ള കോൺഗ്രസിന് 19 സീറ്റുണ്ട്. നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 122 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group