മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗായിക ലത മങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായി. അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണ്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ആഴ്ചകളോളമായി ലത മങ്കേഷ്കര്‍. ജനുവരി എട്ടിന് ലത മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍, വീണ്ടും ആരോഗ്യനില വഷളായതായാണ് പുറത്തുവരുന്ന വിവരം.
കോവിഡും പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. ലത മങ്കേഷ്കറിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തെറ്റിദ്ധാരണകള്‍ പരത്തരുതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ഥിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ലത മങ്കേഷ്കറിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.