ബെംഗളൂരുവിലെ നിരത്തുകളിൽ അത്യാഡംബര സ്‌പോർട്‌സ് കാറുമായി അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്‌തെന്ന കേസിൽ വാഹന ഉടമയ്‌ക്കെതിരേ ചുമത്തിയിരുന്ന ക്രിമിനൽ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്നാൽ, അമിത വേഗത്തിലുള്ള ഡ്രൈവിങ് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വാഹനമോടിച്ചിരുന്ന വ്യക്തിയോട് നിർബന്ധിത സാമൂഹിക സേവനം അനുഷ്ഠിക്കാനും ഹൈക്കോടതി നിർദേശിച്ചു. ഭാരതീയ ന്യായ സംഹിതയിൽ നിർദേശിച്ചിട്ടുള്ള ശിക്ഷയാണിതെന്നും കോടതി നിരീക്ഷിച്ചു.ലംബോർഗിനിയുടെ സൂപ്പർ കാർ മോഡലായ അവന്റഡോർ എസ്‌വിജെ ആണ് ബെംഗളൂരുവിലെ നിരത്തുകളിൽ അമിത വേഗത്തിൽ ഓടിച്ച് പോകുന്നതിന്റെ വീഡിയോ പുറത്തുവന്നത്. മറ്റൊരു വാഹനത്തിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അശ്രദ്ധമായ ഡ്രൈവിങ്, അമിതവേഗത്തിൽ വാഹനമോടിക്കൽ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന എക്‌സ്‌ഹോസ്റ്റ് ഘടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബെംഗളൂരു സ്വദേശിയായ ചിരാന്തിനെതിരേ പോലീസ് സ്വമേധയ കേസെടുത്തത്.വാഹന ഉടമയുടെ ഹർജിയെ തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ഫെബ്രുവരി ആറിലേക്ക് മാറ്റിവെച്ചതായാണ് റിപ്പോർട്ട്. ബെംഗളൂരുവിന് സമീപം കെംഗേരിയിൽ നിന്നുള്ള വീഡിയോയാണ് എക്‌സിൽ പ്രചരിച്ചത്. ലംബോർഗിനി നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്കിടയിലൂടെ അമിത വേഗത്തിൽ പോകുന്നതാണ് വീഡിയോയിലുള്ളത്. മറ്റ് വാഹനങ്ങളുമായി അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഈ വീഡിയോ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.വീഡിയോ വൈറലായതോടെ കെംഗേരി ട്രാഫിക് പോലീസ് അപകടകരവും അശ്രദ്ധവുമായി ഡ്രൈവിങ്ങിന് കേസെടുക്കുകയും ചെയ്തു. ഡിസംബർ 14-ന് ബെംഗളൂരുവിലെ ലംബോർഗിനി ഉടമകൾക്കായി നടത്തിയ ഒരു ഡ്രൈവിൽ നിന്നുള്ള വീഡിയോയാണ് ഇതെന്നും, ട്രാഫിക്കിൽ കുടുങ്ങിയതിനെ തുടർന്ന് കേസിൽപെട്ട വാഹനം ഒരുപാട് പിന്നിലായിരുന്നുവെന്നും മറ്റ് വാഹനങ്ങൾക്കൊപ്പമെത്തിൻ വേഗതയെടുക്കാൻ തുടങ്ങിയപ്പോഴുള്ള ദൃശ്യങ്ങളാണിതെന്നുമാണ് വാഹന ഉടമയുടെ വാദം.ഈ വീഡിയോ ശ്രദ്ധയിൽപെട്ടതോടെ കാർ ഉടമയെ കണ്ടെത്തുകയും കേസെടുക്കുകയുമായിരുന്നുവെന്നാണ് ചിരാന്ത് ഹൈക്കോടതിയെ അറിയിച്ചത്. വീഡിയോ മാത്രമാണ് തെളിവായി സ്വീകരിച്ചതെന്നും മറ്റ് അന്വേഷണങ്ങൾ ഒന്നും നടന്നിട്ടില്ലെന്നുമായിരുന്നു ആരോപണം. വാഹനത്തിന്റെ വേഗത വെറും 60-70 കിലോമീറ്റർ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അപകടകരമായതും അശ്രദ്ധമായതുമായ ഡ്രൈവിങ്ങിന്റെ പരിധിയിൽ ഈ സംഭവം വരില്ലെന്നുമാണ് ചിരാന്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.വീഡിയോ പരിശോധിച്ചതിൽ നിന്ന് വാഹനം മറ്റ് വാഹനങ്ങൾക്കിടയിലൂടെ കട്ട് ചെയ്ത് പോകുന്നത് വ്യക്തമാണ്. എന്നാൽ, ബെംഗളൂരു പോലെ ഇത്രയും ട്രാഫിക്കുള്ള നഗരത്തിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കോടതിയും നിരീക്ഷിച്ചു.
ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റ് ഘടിപ്പിച്ചതിന് ഈ വാഹനം മുമ്പ് ആർടിഒ കസ്റ്റഡിയിൽ എടുത്തിരുന്നുവെന്നും അന്ന് 8500 രൂപ പിഴയിട്ടിരുന്നതായും പോലീസ് കോടതിയെ അറിയിച്ചു.എന്നാൽ, ആ സംഭവത്തിന് ശേഷം വാഹനത്തിൽ നൽകിയിരുന്ന ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റ് നീക്കുകയും ലംബോർഗിനിയുടെ അംഗീകൃത എക്‌സ്‌ഹോസ്റ്റ് ഘടിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് വാഹന ഉടമ വാദിച്ചത്. ട്രാഫിക് നിയമലംഘനം നടന്നുവെന്ന് പറയുന്ന സമയത്ത് വാഹനത്തിൽ യഥാർഥ എക്‌സ്‌ഹോസ്റ്റ് ആയിരുന്നു ഉണ്ടായിരുന്നത്. അവന്റഡോർ എസ്‌വിജെ മോഡലിലെ സ്‌റ്റോക്ക് എക്‌സ്‌ഹോസ്റ്റ് പോലും ഉയർന്ന ശബ്ദമാണ് ഉണ്ടാക്കുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.