Home Featured ബെംഗളൂരു:ബസ് ട്രെയിൻ ടിക്കറ്റുകൾ കിട്ടാക്കനി;നാട്ടിലേക്ക് മടങ്ങാൻ ‘കാർപൂളിങ്’ ഉൾപ്പെടെ ബദൽ മാർഗങ്ങൾ തേടി മലയാളികൾ.

ബെംഗളൂരു:ബസ് ട്രെയിൻ ടിക്കറ്റുകൾ കിട്ടാക്കനി;നാട്ടിലേക്ക് മടങ്ങാൻ ‘കാർപൂളിങ്’ ഉൾപ്പെടെ ബദൽ മാർഗങ്ങൾ തേടി മലയാളികൾ.

ബെംഗളൂരു∙ ഓണം അവധിക്ക് ബസിലും ട്രെയിനിലും ടിക്കറ്റുകൾ കിട്ടാക്കനി ആകുന്നതോടെ നാട്ടിലേക്ക് മടങ്ങാൻ ‘കാർപൂളിങ്’ ഉൾപ്പെടെ ബദൽ മാർഗങ്ങൾ തേടി മലയാളികൾ. നേരത്തെ ഐടി മേഖലയിലുള്ളവരാണ് കാർപൂളിങ്ങിനെ കൂടുതലായി ആശ്രയിച്ചിരുന്നതെങ്കിൽ ഇപ്പോൾ കുടുംബസമേതം നാട്ടിൽ പോകുന്ന പലരും ഈ മാർഗം തിരഞ്ഞെടുക്കുന്നുണ്ട്. ഇന്ധനവിലയും ടോൾ നിരക്കും ഉൾപ്പെടെ പങ്കിടുന്നതിലൂടെ യാത്രച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നതാണു നേട്ടം. വാഹനം ഒറ്റയ്ക്ക് ഓടിച്ച് പോകുന്നതിന്റെ വിരസതയും ഒഴിവാകും. കാർപൂളിങ്ങിനായുള്ള ആപ്പുകളും വാട്സാപ് ഗ്രൂപ്പുകളും ഇപ്പോൾ സജീവമാണ്. ഓണത്തിന് നാട്ടിലേക്ക് മടങ്ങാൻ കൂടുതൽ തിരക്കുള്ള ദിവസങ്ങളിലാണ് കാർപൂളിങ് ഗ്രൂപ്പുകളും യാത്രകൾ ആസൂത്രണം ചെയ്യുന്നത്. അവസാന നിമിഷം അവധി ലഭിക്കുന്നവർക്കും എളുപ്പത്തിൽ നാട്ടിലെത്താൻ സാധിക്കുമെന്നതാണ് മെച്ചം.

തിരുവനന്തപുരത്തേക്ക് എസ്ഇടിസി ബസ് :ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള തമിഴ്നാട് സർക്കാരിന്റെ എസ്ഇടിസി ബസ് സർവീസ് ഉപയോഗപ്പെടുത്തിയും ഓണത്തിന് നാട്ടിലെത്താം. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള തമിഴ്നാടിന്റെ ഏക സർവീസാണിത്. ഉച്ചകഴിഞ്ഞ് 2.31നു ശാന്തിനഗർ ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന അൾട്രാ ഡീലക്സ് നോൺ എസി ബസ് ഹൊസൂർ, സേലം, തിരുനൽവേലി, നാഗർഗോവിൽ, മാർത്താണ്ഡം വഴി രാവിലെ 5.31നു തിരുവനന്തപുരത്തെത്തും. മടക്കയാത്ര ഉച്ചകഴിഞ്ഞ് 2.30നു തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ 7.30നു ശാന്തിനഗറിലെത്തും. 895 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിന് വെബ്സൈറ്റ്: tnstc.in

വിമാനടിക്കറ്റും ഉയരുന്നു: ഓണം സീസണിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളും ഉയർന്നു. കൂടുതൽ തിരക്കുള്ള 25ന് കൊച്ചിയിലേക്ക് നോൺ സ്റ്റോപ്പ് സർവീസുകൾക്ക് 4700–5700 രൂപവരെയും തിരുവനന്തപുരത്തേക്ക് 5400–6500 വരെയും കോഴിക്കോട്ടേക്ക് 3300–5000 രൂപയും കണ്ണൂരിലേക്ക് 4500–5000 രൂപവരെയുമാണ് നിരക്ക്.

You may also like

error: Content is protected !!
Join Our WhatsApp Group