ബംഗളൂരു: ബംഗളൂരു നഗരത്തിന്റെ 1500 വര്‍ഷത്തെ ചരിത്രം പറഞ്ഞ് ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ റിപ്പബ്ലിക് ദിന പുഷ്പമേള.വെള്ളിയാഴ്ച തുടങ്ങിയ മേള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഉദ്ഘാടനം ചെയ്തത്.നഗരത്തിന്റെ 1500ലേറെ വര്‍ഷങ്ങളുടെ പഴക്കം പ്രദര്‍ശനത്തിലൂടെ കാഴ്ചക്കാരിലെത്തിക്കുകയാണ് ഇത്തവണത്തെ ലക്ഷ്യം. പുഷ്പമേളയുടെ 213ാമത് എഡിഷനാണ് ഇത്തവണത്തേത്. ഹോര്‍ട്ടികള്‍ചര്‍ വകുപ്പാണ് പ്രധാന സംഘാടകര്‍.
കഴിഞ്ഞ പുഷ്പമേളകള്ക്കെല്ലാം വന്‍ സന്ദര്‍ശകരാണ് എത്താറുള്ളത്. ഇത്തവണയും സന്ദര്‍ശകരുടെ ആധിക്യം പ്രതീക്ഷിക്കുന്നു.കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ പറ്റുന്നതാണ് പുഷ്പമേള. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് മേളയുടെ സമയം. ജനുവരി 30നാണ് സമാപനം. പത്തുദിവസത്തെ പുഷ്പമേളയില്‍ ഇത്തവണ 12 ലക്ഷത്തോളം പേരെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ബംഗളൂരുവിനുപുറമെ മറ്റ് ജില്ലകളില്‍നിന്നും കേരളമുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍നിന്നും പുഷ്പമേള ആസ്വദിക്കാന്‍ സഞ്ചാരികളെത്താറുണ്ട്.മുതിര്‍ന്നവര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ 75 രൂപയും മറ്റ് ദിവസങ്ങളില്‍ 70 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുഴുവന്‍ ദിവസങ്ങളിലും 30 രൂപയാണ് നിരക്ക്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡുമുണ്ടെങ്കില്‍ സൗജന്യ പ്രവേശനം അനുവദിക്കും.
പുഷ്പങ്ങളിലൂടെ ചരിത്രം:ഗ്ലാസ് ഹൗസിനുള്ളില്‍ നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശില്പങ്ങളായും ചിത്രങ്ങളായും മേളയില്‍ കാണാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തിച്ച അപൂര്‍വയിനത്തില്‍പ്പെട്ട പൂക്കള്‍ പ്രത്യേകതയാണ്. പുഷ്പങ്ങള്‍കൊണ്ട് നിര്‍മിച്ച വിധാന്‍ സൗധ, നന്ദി ക്ഷേത്രം, ഹൈകോടതി കെട്ടിടം തുടങ്ങിയവും പുഷ്മമേളയുടെ ആകര്‍ഷണമാണ്.ലാല്‍ബാഗിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ക്യു.ആര് കോഡുകള്‍ സ്കാന്‍ ചെയ്താല്‍ ബംഗളൂരുവിന്റെ ചരിത്രമറിയാം.
നഗരത്തിലെ പ്രധാന ചരിത്രസംഭവങ്ങളും ചരിത്രനിര്മിതികളെക്കുറിച്ചുള്ള വിവരണവും വിഡിയോയായി കാണാം.രണ്ടു വലിയ സ്ക്രീനുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ സമയവും ഈ സ്ക്രീനുകളില്‍ നഗരത്തിന്റെ ചരിത്രവിവരണമുണ്ടാകും. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മിതിക് സൊസൈറ്റിയെന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ ശിലാലിഖിതങ്ങളുടെ പകര്‍പ്പുകളും ആദ്യകാലത്ത് ബംഗളൂരു ഉള്‍പ്പെടുന്ന മൈസൂരു സ്റ്റേറ്റില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളുമെല്ലാം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗ്ലാസ്ഹൗസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബേഗൂരില്‍ നിന്ന് കണ്ടെത്തിയ ശിലാലിഖിതത്തിന്റെ പകര്‍പ്പാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
മെട്രോയോ ടാക്സിയോ എളുപ്പം:പുഷ്മമേളക്ക് എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക എന്നത് ഏറെ ദുഷ്കരമാണ്. അതിനാല്‍തന്നെ ടാക്സികളെ ആശ്രയിക്കുന്നതാണ് ഉചിതം.മെട്രോ ഗ്രീന്‍ലൈനില്‍ യെലഹങ്ക ഭാഗത്തേക്ക് യാത്ര ചെയ്ത് ലാല്‍ബാഗ് സ്റ്റേഷനില്‍ ഇറങ്ങുകയാണ് വേണ്ടത്. കാര്‍ പാര്‍ക്കിങ് ശാന്തിനഗര്‍ ബസ്സ്റ്റാന്ഡിലാണുള്ളത്. ഇവിടെ ജെ.സി റോഡിലാണ് ബി.ബി.എം.പി കാര്‍ പാര്‍ക്കിങ് സൗകര്യം. അല്‍ അമീന് കോളജിലും ഡബിള്‍ റോഡ് ഗേറ്റിനരികെയുള്ള ഹോപ്കോംസ് പരസരത്തുമാണ് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം.