ബംഗളുരു: മഹാകുംഭമേളയിലെ അപകടത്തിൽപ്പെട്ട് മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ച നാല് പേരുടെ വീട്ടുകാർക്ക് എത്രയും വേഗം സഹായം ഉറപ്പാക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ എയർ ആംബുലൻസ് ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരുകയാണ്. സംസ്ഥാനത്ത് നിന്നും കാണാതായ മറ്റ് 8 പേരുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്കാണ് ജീവൻ നഷ്ടമായത്. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാൽ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേർക്കാണ് പരിക്കേറ്റതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു
പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു. സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തെന്നും യോഗി വിശദീകരിച്ചിരുന്നു. അതേസമയം, ദുരന്തമുണ്ടായ ത്രിവേണി ഘട്ടിൽ സ്നാനം വീണ്ടും തുടങ്ങി.
വിവാഹത്തിന് നാലുദിവസം മാത്രം; മുൻ ഗോവ സബ് കളക്ടറായ മലയാളി യുവാവ് മരിച്ച നിലയിൽ
വിവാഹത്തിന് നാലു ദിവസം ബാക്കി നിൽക്കെ മുൻ ഗോവ സബ് കളക്ടറും നിലവിൽ ഗൂഗിളിൽ ഐ ടി വിദഗ്ധനുമായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂഗിളിൽ ഹെഡ് ഓഫ് സ്ട്രാറ്റജിയും പെരുമ്പാവൂർ സ്വദേശിയുമായ വിജയ് വേലായുധന്റെ (33) മൃതദേഹമാണ് ഡോംബിവ്ലിയിലുള്ള ഫ്ലാറ്റിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണ് സംഭവം.
ഐഎഎസ് ലഭിച്ച ശേഷം ഗോവയിൽ സബ് കളക്ടറായി സേവനമനുഷ്ഠിച്ച വിജയ്, പിന്നീട് ഈ പദവി ഉപേക്ഷിച്ചാണ് ഗൂഗിളില്‍ ചേർന്നത്. ഫെബ്രുവരി 2ന് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. സഹപാഠിയായിരുന്ന പെൺകുട്ടിയെയാണ് വിവാഹം കഴിക്കാനിരുന്നത്.
ഗൂഗിളിന്റെ സിംഗപ്പൂർ ഓഫീസിൽ ഐ ടി വിദഗ്ധനായ വിജയ് വീട്ടിലിരുന്ന് ജോലിചെയ്യുകയായിരുന്നു. ഡോംബിവ്ലി വെസ്റ്റിൽ ചന്ദ്രഹാസ് സൊസൈറ്റിയിലാണ് താമസം. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന് പുറത്ത് ഒരു കുറിപ്പ് എഴുതി വച്ചിരുന്നു. വാതിൽ തുറക്കരുതെന്നും താൻ ജീവനൊടുക്കുകയാണെന്നും പൊലീസിൽ വിവരമറിക്കണമെന്നുമായിരുന്നു കുറിപ്പിൽ എഴുതിയത്. പെരുമ്പാവൂർ സ്വദേശിയായ വേലയുധന്റെയും ലതികയുടെയും ഏക മകനാണ് വിജയ്. മകന്റെ വിവാഹ ആവശ്യങ്ങൾക്കായി മാതാപിതാക്കൾ പുറത്തുപോയ നേരത്താണ് മരണം.