തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയര്‍ അവധിക്കാലത്തെ യാത്രാക്ലേശം കണക്കിലെടുത്ത് കൂടുതല്‍ കെഎസ്‌ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്താന്‍ തീരുമാനം.ബംഗലൂരുവിലേക്ക് 23 അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.ചെന്നൈയിലേക്ക് എട്ട് അധിക സര്‍വീസുകളും നടത്തും. ബുക്കിങ്ങ് അനുസരിച്ച് കൂടുതല്‍ സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കും.
അവധിക്കാല തിരക്ക് മുതലെടുത്ത് സ്വകാര്യബസുകള്‍ അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ നടപടി.നിലവില്‍ 49 സര്‍വീസുകളാണ് ബംഗലൂരുവിലേക്ക് കെഎസ്‌ആര്‍ടിസി നടത്തുന്നത്. 23 അധിക സര്‍വീസുകള്‍ കൂടി നടത്തുന്നതോടെ 72 സര്‍വീസുകളാകും അവധിക്കാലത്ത് കെഎസ്‌ആര്‍ടിസി ബംഗലൂരുവിലേക്ക് നടത്തുക.
അവധിക്കാലത്ത് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ക്ക് ഏറെ ആശ്വാസമാകുകയാണ് കെഎസ്‌ആര്‍ടിസിയുടെ നടപടി.അധികസര്‍വീസുകള്‍ ഉടന്‍ തന്നെ ഓടിത്തുടങ്ങുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു. സ്വകാര്യബസുകള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്
ബംഗളൂരു: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്. ടിക്കറ്റിൽ തട്ടിപ്പു നടത്തിയ 90 സംഭവങ്ങളാണ് കണ്ടെത്തിയത് ഇതിൽ 31 കണ്ടക്ടർ കം ഡ്രൈവർമാരിൽ നിന്നും തട്ടിപ്പു നടത്തിയ തുകയുടെ അഞ്ചിരട്ടി തിരിച്ചുപിടിക്കാൻ നിർദേശവും ഉണ്ട്. ബാക്കി കണ്ടക്റ്റർമാരിൽ നിന്നും രണ്ടാം ഘട്ടത്തിൽ തുക ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ജീവനെ പുറത്താക്കുമെന്നും അറിയിപ്പുണ്ട്.
ബെംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലാണ് ടിക്കറ്റ് അഴിമതി നടക്കുന്നത്. യാത്രക്കാരിൽ നിന്നും പണംവാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, ചില യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുക, ടിക്കറ്റ് നൽകിയ ദൂരത്തിന് പുറമെ കൂടുതൽ ദൂരം യാത്ര ചെയ്യാൻ അനുവദിക്കുക, ലഗേജ്ജ് ബാഗിന് ടിക്കറ്റ് നൽകാതിരിക്കുക തുടങ്ങി മുൻപ് യാത്ര ചെയ്ത യാത്രക്കാരിൽ നിന്നും ടിക്കറ്റ് വാങ്ങി പുതിയ യാത്രക്കാർക്ക് നൽകുന്ന തട്ടിപ്പുവരെ സ്വിഫ്റ്റിൽ നടക്കുന്നുണ്ട് എന്നാണ് പരിശോധന സംഘം റിപ്പോർട്ട് നൽകിയത്.
ലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റിൽ കരാർ അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിച്ചത്. വരുമാനം കുറയുന്നത് മാത്രമല്ല ടിക്കറ്റ് തിരികെ വാങ്ങുന്നുവെന്ന് യാത്രക്കാരുടെ പരാതിയും വന്നതോടെയാണ് കെഎസ് ആർ ടി സി ചെക്കിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്.