ബെംഗളൂരു: ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്നിർത്തിവെച്ച കേരളത്തിലേക്കുള്ള ബസ് സർവീസുകൾ ജൂലൈ 12 മുതൽ പുനരാരംഭിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. കർശന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സർവീസ് നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള യാത്രക്കാർ 72 മണിക്കൂറിൽ കവിയാത്ത ആർടി പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റോ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമായും കരുതണം. കേരളത്തിൽ നിന്നും ദിവസേന കർണാടകയിലേക്ക് വരുന്ന വിദ്യാർഥികൾ, കച്ചവട ആവശ്വത്തിന് വരുന്നവർ, എല്ലാവരും 15 ദിവസത്തിലൊരിക്കൽ ആർടി പിസിആർ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നും നിർദ്ദേശിക്കുന്നുണ്ട്.
മാസ്ക് ധരിക്കൽ അടക്കമുള്ള എല്ലാ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സർവീസ് നടത്തുക. ഓൺലൈൻ ബുക്കിംഗ് വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്നും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സർവീസ് പുറപ്പെടുകയെന്നും അധികൃതർ അറിയിച്ചു.
ലോക് ഡൗൺ ഇളവുകളെ തുടർന്ന് ജൂൺ 22 മുതൽ ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കും ജൂൺ 25 മുതൽ മഹാരാഷ്ട്രയിലേക്കും കർണാടക ആർടിസി സർവീസുകൾ ആരംഭിച്ചിരുന്നു.