തിരുവനന്തപുരം: യാത്രക്കാരെ വലച്ച് കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വെബ്സൈറ്റുകളിലാണ് അടിമുടി തകരാര്‍. www.keralartc.com, സ്വിഫ്റ്റ് ബസ് സര്‍വീസുകള്‍ ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന online.keralartc.com എന്നീ വെബ്സൈറ്റുകളിലാണ് സാങ്കേതിക തകരാര്‍. ഇതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ടിക്കറ്റ് ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യാനാകാതായതോടെ കെഎസ്‌ആര്‍ടിസി ഉപേക്ഷിച്ച് പ്രൈവറ്റ് ബസ് സര്‍വീസുകളെ ആശ്രയിക്കുകയാണ് യാത്രക്കാര്‍.
പ്രശ്‌നം ഇങ്ങനെ: ടിക്കറ്റ് ബുക്ക് ചെയ്യുന്ന വ്യക്തി കെഎസ്‌ആര്‍ടിസിയുടെ വെബ്‌സൈറ്റുകളില്‍ കയറി പോകേണ്ട സ്ഥലവും ബസും തെരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണവും വിവരങ്ങളും നല്‍കി ഓണ്‍ലൈനായി പണം നല്‍കാനുള്ള ഘട്ടം എത്തുമ്ബോള്‍ വെബ് പേജ് അപ്രത്യക്ഷമാവുകയുമാണ്. നിരവധി യാത്രക്കാരാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അഥവാ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് കണ്‍ഫര്‍മേഷൻ സന്ദേശം ലഭിക്കുന്നത്. പ്രശ്‌നം ഇവിടെയും തീര്‍ന്നില്ല. തകരാര്‍ കാരണം തേടി കെഎസ്‌ആര്‍ടിസിയുടെ ഐടി വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. എന്നാല്‍ കണ്‍ട്രോള്‍ റൂം നമ്ബറിൻ്റെ പ്രവര്‍ത്തനം നിലച്ചിട്ടും നാളേറെയായി. പരാതി അറിയിക്കാൻ യാത്രക്കാര്‍ വിളിച്ചാലും ഇത് തന്നെയാണ് അവസ്ഥ.
പ്രശ്‌നം തുടങ്ങുന്നതിങ്ങനെ: കെഎസ്‌ആര്‍ടിസി സര്‍വീസുകളുടെയും സ്വിഫ്റ്റ് സര്‍വീസുകളുടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്‌തുകൊണ്ടിരുന്നത് www.keralartc.com എന്ന വെബ്സൈറ്റ് വഴിയായിരുന്നു. മെയ് ഒന്ന് മുതലാണ് സ്വിഫ്റ്റ് ബസുകള്‍ പ്രത്യേകം ബുക്ക് ചെയ്യുന്നതിന് online.keralartc.com എന്ന വെബ്സൈറ്റ് ആരംഭിച്ചത്. ജൂണ്‍ 21 മുതലാണ് സ്വിഫ്റ്റ് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളെയും പുതിയ ബുക്കിങ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ സാങ്കേതിക തകരാറുണ്ടാകുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ബെംഗളൂരു, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊല്ലൂര്‍, കോയമ്ബത്തൂര്‍, ഊട്ടി, പഴനി, ബത്തേരി, മാനന്തവാടി എന്നീ സ്വിഫ്റ്റിൻ്റെ ദീര്‍ഘദൂര സര്‍വീസുകളെയാണ് ഈ സാങ്കേതിക തകരാര്‍ കാര്യമായി ബാധിക്കുന്നത്. മാത്രമല്ല സ്വിഫ്റ്റ് സര്‍വീസുകളുടെ ടിക്കറ്റുകള്‍ മാത്രം ബുക്ക് ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമ്ബോള്‍ അത് ജനങ്ങളിലേക്കെത്തിക്കാൻ വേണ്ട പ്രചാരണം നല്‍കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സാങ്കേതിക തകരാര്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കെഎസ്‌ആര്‍ടിസിയുടെയും കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിൻ്റെയും ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയും. ഇത് മൂലമുണ്ടാകുന്ന വരുമാന നഷ്‌ടവും ചില്ലറയാവില്ല.
കൊറിയര്‍ സര്‍വീസുമായി കെഎസ്‌ആര്‍ടിസി: അടുത്തിടെ ചരക്ക് നീക്കം സുഗമമാക്കുന്നതിനായും കെഎസ്‌ആര്‍ടിസി പുതിയ സംവിധാനവുമൊരുക്കിയിരുന്നു. 16 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെവിടെയും കൊറിയര്‍, പാഴ്‌സല്‍ കൈമാറുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎസ്‌ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്‌റ്റിക്‌സ് സംവിധാനം ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഉദ്‌ഘാടനം ചെയ്‌തത്. തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രനായിരുന്നു അധ്യക്ഷത വഹിച്ചത്. മാത്രമല്ല ചടങ്ങില്‍ ഉദ്യോഗസ്ഥരും തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുത്തിരുന്നു.
ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌ആര്‍ടിസി പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചത്. കെഎസ്‌ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി നിരവധി നവീന പദ്ധതികള്‍ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും ഈ പദ്ധതികള്‍ കെഎസ്‌ആര്‍ടിസിയുടെ വരുമാന വര്‍ധനവിലും വൈവിധ്യവത്‌കരണത്തിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മാനേജ്മെന്‍റ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.