ബംഗളൂരു: കര്‍ണാടക ആര്‍.ടി.സി ബസില്‍ യുവതിയുടെ പ്രസവത്തിന് കരുതലും സഹായവുമൊരുക്കിയ ബസ് ജീവനക്കാര്‍ക്ക് കര്‍ണാടക ആര്‍.ടി.സിയുടെ ആദരം.ചിക്കമഗളൂരു ബസ് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ എസ്. വസന്തമ്മ, ഡ്രൈവര്‍ എച്ച്.ബി. കുമാരസ്വാമി എന്നിവരെയാണ് ബംഗളൂരുവിലെ ആസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി എം.ഡി ജി. സത്യവതി ആദരിച്ചത്. വസന്തമ്മക്ക് 5000 രൂപയും കുമാരസ്വാമിക്ക് 2000 രൂപയും പാരിതോഷികമായി നല്‍കി.
യാത്രക്കാരിയായ അസം സ്വദേശി ഫാത്തിമയാണ് (23) കഴിഞ്ഞദിവസം ബസില്‍ പെണ്‍കണ്‍മണിക്ക് ജന്മം നല്‍കിയത്. നാല്‍പത്തഞ്ചോളം യാത്രക്കാരുമായി ബംഗളൂരുവില്‍നിന്നും ചിക്കമഗളൂരുവിലേക്കു പോയ കെ.എ 18 എഫ് 0865 ബസില്‍ ബേലൂരിലേക്ക് ഭര്‍തൃമാതാവിനൊപ്പം യാത്രചെയ്യവെ, യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വനിത കണ്ടക്ടര്‍ വസന്തമ്മ വണ്ടി നിര്‍ത്തിച്ച് യാത്രക്കാരെ മുഴുവന്‍ റോഡിലിറക്കി യുവതിയെ സീറ്റില്‍ കിടത്തി.
യുവതിയുടെ ഭര്‍തൃമാതാവിന്‍റെ സഹായത്തോടെ പ്രസവിച്ചു. പിന്നീട് യുവതിയെയും പെണ്‍കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. വസന്തമ്മയുടെ സന്ദര്‍ഭോചിത ഇടപെടലിനെ അഭിനന്ദിച്ച കെ.എസ്.ആര്‍.ടി.സി എം.ഡി സത്യവതി, മാതൃകാപരമായ സേവനമാണ് വസന്തമ്മ കാഴ്ചവെച്ചതെന്നും പ്രതികരിച്ചിരുന്നു.
ക്ലൈമാക്സ് നീണ്ട് കര്‍ണാടക; ആഘോഷവും പ്രതിഷേധവുമായി അനുയായികള്‍
മുഖ്യമന്ത്രി പദവി സംബന്ധിച്ച് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലെ തര്‍ക്കത്തില്‍ ഹൈകമാന്‍ഡിന് ബുധനാഴ്ചയും തീര്‍പ്പ് കല്‍പിക്കാനാവാതായതോടെ കര്‍ണാടകയില്‍ ക്ലൈമാക്സ് നീളുന്നു.സത്യപ്രതിജ്ഞ ചടങ്ങിനായി ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ നിര്‍ത്തിവെച്ചു. ഇതോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച നടക്കില്ലെന്ന് ഉറപ്പായി. പാര്‍ട്ടി തല നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ബുധനാഴ്ച രാവിലെ ഒരുക്കം ആരംഭിച്ചത്.
അരലക്ഷം പേര്‍ക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്.വൈകീട്ടോടെ ഡല്‍ഹിയില്‍നിന്ന് നേതൃത്വത്തിന്റെ നിര്‍ത്തിവെക്കാനുള്ള നിര്‍ദേശമെത്തി. ഇതോടെ പാതി പൂര്‍ത്തിയായ വേദി അഴിച്ചുമാറ്റി. റെഡ് കാര്‍പെറ്റുകള്‍ മടക്കി. സ്റ്റേഡിയത്തിന് മുകളില്‍ തൂക്കിയ വര്‍ണത്തുണികളും അഴിച്ചുമാറ്റി. അതേസമയം, സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന് ഉറപ്പിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ കര്‍ണാടകയില്‍ ആഘോഷം തുടങ്ങി. ബംഗളൂരു, തുമകുരു, മൈസൂരു, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ പടക്കം പൊട്ടിച്ചും സിദ്ധരാമയ്യയുടെ ചിത്രത്തില്‍ പാലഭിഷേകം നടത്തിയും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം.
ഡി.കെ. ശിവകുമാറിന്റെ അനുയായികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അവര്‍ രാമനഗരയില്‍ മൈസൂരു- ബംഗളൂരു പഴയപാത ഉപരോധിച്ചു. ബംഗളൂരുവില്‍ സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വീടുകള്‍ക്ക് മുന്നില്‍ അനുയായികള്‍ ദിവസങ്ങളായി തമ്ബടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പദവി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവനക്ക് പാര്‍ട്ടി വിലക്കുണ്ട്.
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചതായും രാഹുല്‍ഗാന്ധി അദ്ദേഹത്തോട് സംസാരിച്ചതായും കര്‍ണാടക മഹിള കോണ്‍ഗ്രസ് അധ്യക്ഷ പുഷ്പ അമര്‍നാഥ് പറഞ്ഞു.സിദ്ധരാമയ്യക്ക് തങ്ങള്‍ അഭിനന്ദനം അറിയിച്ചതായും അവര്‍ വ്യക്തമാക്കി. സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍മന്ത്രിയും ദലിത് നേതാവും സിദ്ധരാമയ്യയുടെ അടുത്തയാളുമായ എച്ച്.സി. മഹാദേവപ്പ പ്രതികരിച്ചു. അധികാരം പങ്കിടുന്നത് സംബന്ധിച്ച് നിര്‍ദേശമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.