തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാൻ അവസരമൊരുക്കി കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ബജറ്റ് ടൂറിസം പദ്ധതി ഇനി മുതല്‍ അതിര്‍ത്തി കടന്നും സഞ്ചാരം നടത്തും. യാത്രാപ്രേമികള്‍ക്ക് തമിഴ്‌നാട്ടിലെ ഊട്ടി,കര്‍ണാടകയിലെ ബെംഗളൂരുഎന്നിവിടങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഇതിനായി ഇരു സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ അറിയിച്ചു.യാത്ര ക്രമീകരണങ്ങള്‍, പാക്കേജുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ ഉടൻ പുറത്തുവിടും.
2021 നവംബറില്‍ സര്‍വീസ് ആരംഭിച്ച ബജറ്റ് ടൂര്‍ പദ്ധതി ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 16 കോടി രൂപയിലധികമാണ് ബജറ്റ് ടൂര്‍ പദ്ധതിയിലൂടെ കെഎസ്‌ആര്‍ടിസിക്ക് ലഭിച്ച വരുമാനം. കേരളത്തിലെ വിവിധ ടൂറിസം മേഖലകളിലേക്ക് 4182 സര്‍വീസുകള്‍ നടത്തിയപ്പോള്‍ 3.10 ലക്ഷത്തോളം പേരാണ് യാത്ര ചെയ്‌തത്. ബജറ്റ് ടൂറിസം സെല്‍ ഒരുക്കുന്ന ടൂര്‍ പാക്കേജുകളില്‍ മൂന്നാര്‍ പാക്കേജിനോടാണ് (Munnar tour package) യാത്രക്കാര്‍ക്ക് ഏറെ പ്രിയം.
ഇതിന് പുറമെ റെയില്‍വെ ടൂറിസം വിഭാഗവുമായി സഹകരിച്ച് ആകര്‍ഷകമായ വിനോദസഞ്ചാര യാത്രകള്‍ ആസൂത്രണം ചെയ്യാനുള്ള തയാറെടുപ്പിലാണ് കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍. മൂന്നാര്‍, നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര, ഗവി, മലക്കപ്പാറ, വാഗമണ്‍, വയനാട്, കുമരകം, നെല്ലിയാമ്ബതി, നാലമ്ബല ദര്‍ശനം, മണ്‍റോതുരുത്ത്, ബത്തേരി ജംഗിള്‍ സഫാരി, പഞ്ചപാണ്ഡവ ദര്‍ശനം, ഡബിള്‍ ഡെക്കര്‍ പാക്കേജ് തുടങ്ങിയ ടൂര്‍ പാക്കേജുകള്‍ക്കാണ് യാത്രാപ്രേമികള്‍ക്കിടയില്‍ ഏറെ ഡിമാൻഡ് ഉള്ളത്. കുറഞ്ഞ യാത്ര ചെലവും മെച്ചപ്പെട്ട സൗകര്യങ്ങളും മാത്രമല്ല, കെഎസ്‌ആര്‍ടിസിയോടുള്ള പ്രത്യേക ഇഷ്‌ടവുമാണ് ബജറ്റ് ടൂറിസം പദ്ധതിയെ ജനകീയമാക്കിയത്.
മാത്രമല്ല സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാമെന്നതും കെഎസ്‌ആര്‍ടിസി ടൂറുകളുടെ പ്രത്യേകതയാണ്. നേരത്തെ കൊട്ടാരക്കര ഗണപതി ക്ഷേത്രം, വെട്ടിക്കവല മഹാദേവ ക്ഷേത്രം, വാതുക്കല്‍ ഞാലിക്കുഞ്ഞ്, പട്ടാഴി ദേവി ക്ഷേത്രം, പുനലൂര്‍ തൂക്കുപാലം, കാനനപാതയിലൂടെ അച്ഛൻ കോവില്‍ ദര്‍ശനം എന്നീ ക്ഷേത്ര ദര്‍ശനങ്ങള്‍ അടങ്ങുന്ന പാക്കേജ് ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിരുന്നു.