Home Featured ബംഗളൂരു: കെ.ആര്‍ പുരം- വൈറ്റ്ഫീല്‍ഡ് മെട്രോ പാതക്ക് പച്ചക്കൊടി

ബംഗളൂരു: കെ.ആര്‍ പുരം- വൈറ്റ്ഫീല്‍ഡ് മെട്രോ പാതക്ക് പച്ചക്കൊടി

ബംഗളൂരു: നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ കെ.ആര്‍ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ യാത്രാ സര്‍വിസിന് മെട്രോ റെയില്‍വേ സുരക്ഷ കമീഷണറുടെ അനുമതി.ഈ പാതയിലെ അനുബന്ധ പ്രവൃത്തികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കി മാര്‍ച്ച്‌ 15ന് ശേഷം വാണിജ്യ സര്‍വിസ് ആരംഭിക്കുമെന്ന് ബി.എം.ആര്‍.സി.എല്‍ എം.ഡി അന്‍ജും പര്‍വേസ് പറഞ്ഞു. അന്തിമ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെട്രോ റെയില്‍വേ സുരക്ഷ കമീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈറൂട്ടില്‍ ഐ.ടി ജീവനക്കാരടക്കമുള്ള തൊഴിലാളികള്‍ക്ക് മെട്രോ യാത്ര ഏറെ ആശ്വാസകരമാവും.

ബൈയപ്പനഹള്ളി മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള 15.5 കിലോമീറ്റര്‍ പാത പദ്ധതിയുടെ ഭാഗമാണ് 13.71 കിലോമീറ്റര്‍ വരുന്ന കെ.ആര്‍ പുരം- വൈറ്റ്ഫീല്‍ഡ് പാത. ഫെബ്രുവരി 22 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലാണ് മെട്രോ റെയില്‍വേ സുരക്ഷ കമീഷണര്‍ (സി.എം.ആര്‍.എസ്) അഭയ് കുമാര്‍ റായിയുടെ നേതൃത്വത്തില്‍ സുരക്ഷ പരിശോധന നടത്തിയത്. മെട്രോ പാത പൊതുജനങ്ങള്‍ക്ക് യാത്രക്കായി തുറന്നുനല്‍കുന്നതിന് മുന്നോടിയായുള്ള നിര്‍ണായക പരിശോധനയായിരുന്നു ഇത്.സംവിധാനങ്ങളുടെ കാര്യക്ഷമത, വളവുകളുടെ പരിധി, മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സ്റ്റേഷനുകളില്‍ രാത്രിയിലെ ലൈറ്റ് സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും പരിശോധന വിധേയമാക്കിയത്.

ബൈയപ്പനഹള്ളിയിലെ ഓപറേഷനല്‍ കണ്‍ട്രോള്‍ സെന്ററും മെട്രോ റെയില്‍വേ സുരക്ഷ കമീഷണര്‍ പരിശോധിച്ചിരുന്നു. കെ.ആര്‍ പുരം, മഹാദേവപുര, ഗരുഡാചരപാളയ, ഹൂഡി ജങ്ഷന്‍, സീതാരാമ പാളയ, കുന്ദലഹള്ളി, നല്ലൂര്‍ ഹള്ളി, സാദരമംഗല, പട്ടന്തൂര്‍ അഗ്രഹാര, കാഡുഗൊഡി, ചന്നസാന്ദ്ര, വൈറ്റ്ഫീല്‍ഡ് എന്നീ 12 സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. കെ.ആര്‍ പുരം, വൈറ്റ് ഫീല്‍ഡ് മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് സൗകര്യം,സ്റ്റേഷനുകള്‍ക്ക് സമീപം ബി.എം.ടി.സി ബസുകള്‍ക്ക് പാര്‍ക്കിങ്ങിനായി ബസ് ബേ എന്നിവ ഒരുക്കും. വൈറ്റ് ഫീല്‍ഡ്, കെ.ആര്‍ പുരം മെട്രോ സ്റ്റേഷനുകളെ തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിച്ച്‌ നടപ്പാലവും ബി.എം.ആര്‍.സി.എല്‍ നിര്‍മിക്കും.

ബൈയപ്പനഹള്ളി മുതല്‍ കെ.ആര്‍ പുരം വരെയുള്ള 1.54 കിലോമീറ്റര്‍ പാതയില്‍ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി ഈവര്‍ഷം മധ്യത്തോടെ സര്‍വിസിനായി തുറന്നുനല്‍കാനാണ് ബി.എം.ആര്‍.സി.എല്‍ ശ്രമം. ഈ പാതകൂടി തുറക്കുന്നതോടെ പര്‍പ്പ്ള്‍ ലൈനില്‍ കെങ്കേരി മുതല്‍ വൈറ്റ് ഫീല്‍ഡ് വരെ യാത്രചെയ്യാനാവും. മാര്‍ച്ച്‌ 11ന് ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കെ.ആര്‍ പുരം- വൈറ്റ്ഫീല്‍ഡ് പാതയിലെ വാണിജ്യ സര്‍വിസും ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.

കര്‍ണാടകയില്‍ നിന്നും മോഷണം പോയ ട്രാന്‍സ്‌പോര്‍ട്ട് ബസ് തെലങ്കാനയില്‍ നിന്ന് കണ്ടെത്തി ; മോഷ്ടാവിനായി തിരച്ചില്‍

കലബുറഗി : കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ ചിഞ്ചോളി ബസ് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം പോയ കെകെആര്‍ടിസി (കല്യണ്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍) ബസ്‌ തെലങ്കാനയില്‍ നിന്ന് കണ്ടെത്തി.പ്രസിദ്ധമായ ഭൂകൈലാസ ക്ഷേത്രത്തിന് സമീപമുള്ള അന്തരാം തണ്ടയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്.

റോഡിലെ കുഴിയില്‍ ബസിന്‍റെ ചക്രം കുടുങ്ങിയതോടെ മോഷ്‌ടാവ് ബസ് അവിടെ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു എന്നാണ് നിഗമനം.ബീദറില്‍ നിന്ന് തിങ്കളാഴ്‌ച രാത്രി 9.15 ഓടെ ചിഞ്ചോളിയില്‍ എത്തിയതായിരുന്നു ബസ്. പുലര്‍ച്ചെ ഡ്രൈവര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബസുമായി മോഷ്‌ടാവ് തണ്ടൂര്‍ വഴി തെലങ്കാനയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.പിന്നാലെ പൊലീസ് രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്. മോഷ്ടാവിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group