ന്യൂഡല്‍ഹി: വിദഗ്ധരില്‍നിന്ന് നിര്‍ദേശം ലഭ്യമാകുന്ന മുറക്ക്, അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ. ഇതുവരെ ഇത്തരത്തിലൊരു നിര്‍ദേശം സര്‍ക്കാറിനു മുന്നിലെത്തിയിട്ടില്ല. വിദഗ്ധ സംഘം നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ പ്രായക്കാര്‍ക്കും എപ്പോള്‍ വാക്സിനേഷന് നല്‍കണമെന്ന് ഇതുവരെ തീരുമാനിച്ചത്. മുന്‍നിര പോരാളികള്‍ക്ക് വാക്സിന് നല്‍കാനുള്ള നിര്‍ദേശം ലഭിച്ച് ഒരാഴ്ചക്കുള്ളില്‍ നടപ്പാക്കി. നിര്‍ദേശം ലഭിക്കുന്ന മുറക്ക്, അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കാനുള്ള നടപടി സ്വീകരിക്കും.
ഇന്ന് രാജ്യത്തിന് വാക്സിനേഷന് ഒരു പ്രശ്നമല്ല. മതിയായ വാക്സിന് ശേഖരമുണ്ട്. ഡോസുകള്‍ക്ക് ഒരു കുറവുമില്ല. സര്‍ക്കാര്‍ ശാസ്ത്ര സമൂഹത്തിന്റെ നിര്‍ദേശം പിന്തുടരും.രാജ്യത്ത് നിലവില്‍ 15-18 ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 75 ശതമാനം പേര് വാക്സിന് സ്വീകരിച്ചു. മുതിര്‍ന്നവരില്‍ 96 ശതമാനം പേര് ആദ്യ ഡോസ് സ്വീകരിച്ചു. 77 ശതമാനം പേര് പൂര്‍ണതോതില്‍ വാക്സിനെടുത്തതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.