ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 36-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 21 റണ്‍സ് തോല്‍വി. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന്റെ പോരാട്ടം 179 റണ്‍സില്‍ അവസാനിച്ചു.ബാംഗ്ലൂരിനായി വിരാട് കോഹ്ലി (54) അര്‍ദ്ധ സെഞ്ചുറി നേടി. 34 റണ്‍സെടുത്ത മഹിപാല്‍ ലോംറോര്‍ മാത്രമാണ് കോഹ്ലിക്ക് അല്‍പ്പമെങ്കിലും പിന്തുണ നല്‍കിയത്. കൊല്‍ക്കത്തയ്ക്കായി സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി മൂന്നും സുയാഷ് ശര്‍മ രണ്ടും വിക്കറ്റെടുത്തു. ആന്ദ്രെ റസലും റണ്ട് വിക്കറ്റ് നേടി.
നാല് തോല്‍വിക്ക് ശേഷമാണ് കൊല്‍ക്കത്ത ഒരു കളി വിജയിച്ചത്. ജയത്തോടെ ഏഴാം സ്ഥാനത്തെത്താനും കൊല്‍ക്കത്തയ്ക്കായി. ജേസണ്‍ റോയി (56), നിതീഷ് റാണ (48) എന്നിവരുടെ പ്രകടനമാണ് കൊല്‍ക്കത്തക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.ജേസണ്‍ റോയ് – എന്‍ ജഗദീശന്‍ കൂട്ടുകെട്ട് കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ജഗദീശന് സ്കോറിങ്ങിന് വേഗം കൂട്ടാനായില്ലെങ്കിലും റോയ് ചിന്നസ്വാമിയില്‍ തകര്‍ത്താടി. 29 പന്തില്‍ 27 റണ്‍സുമായി സമ്മര്‍ദത്തിലായ ജഗദീശനെ മടക്കിയത് വിജയ്കുമാര്‍ വൈശാഖാണ്.
83 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും വീണു.ജഗദീശന്റെ ഓവറില്‍ തന്നെ റോയിയും മടങ്ങിയതോടെ കൊല്‍ക്കത്തക്ക് ഇരട്ടപ്രഹരമായി. 29 പന്തില്‍ 56 റണ്‍സാണ് റോയ് നേടിയത്. നാല് ഫോറും അഞ്ച് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. പിന്നീട് നായകന്‍ നിതീഷ് റാണയും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് ഒന്നില്‍ നിന്ന് തുടങ്ങുകയായിരുന്നു. അയ്യര്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ റാണ സ്കോറിങ്ങിന് വേഗം കൂട്ടി.മൂന്നാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. പക്ഷെ വനിന്ദു ഹസരങ്കയുടെ 18-ാം ഓവറിലെ വരവില്‍ റാണയും അയ്യരും പവലിയനിലെത്തി.
21 പന്തില്‍ റാണ 48 റണ്‍സെടുത്താണ് മടങ്ങിയത്. അയ്യര്‍ 31 റണ്‍സും നേടി. പിന്നീടെത്തിയ ആന്ദ്രെ റസല്‍ (1) ഒരിക്കല്‍ക്കൂടി സീസണിലെ പരാജയപ്പെട്ടു. സിറാജിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു.റിങ്കു സിങ് (10 പന്തില്‍ 18 റണ്‍സ്), ഡേവിഡ് വീസ് (മൂന്ന് പന്തില്‍ 12 റണ്‍സ്) എന്നിവരുടെ പ്രകടനമാണ് കൊല്‍ക്കത്തയുടെ സ്കോര്‍ 200-ലെത്തിച്ചത്. അവസാന അഞ്ച് ഓവറുകളില്‍ 69 റണ്‍സെടുക്കാന്‍ കൊല്‍ക്കത്തക്കായി.
യേശുവിനെ കാണാന്‍ പാസ്റ്ററുടെ വാക്ക് കേട്ട് പട്ടിണി കിടന്നു, മരണ സംഖ്യ 95 ആയി: കര്‍ഫ്യു പ്രഖ്യാപിച്ച് സര്‍ക്കാര്‍
മതപ്രഭാഷകന്‍റെ വാക്ക് കേട്ട് കെനിയയില്‍ പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 95 കടന്നു. തീരനഗരമായ മായ മാലിന്ദിയില്‍നിന്ന് കുട്ടികളുടേതടക്കം 95 മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു.വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണി കിടന്ന 34 പേരെ പൊലീസ് ഇതിനകം രക്ഷപ്പെടുത്തി. ഗുഡ് ന്യൂസ് ഇന്‍റര്‍നാഷണല്‍ ചര്‍ച്ചിലെ പ്രഭാഷകനായ പോള്‍ മക്കെന്‍സിയുടെ വാക്കുകേട്ടാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്.യേശുവിനെ കാണാന്‍ പട്ടിണി കിടന്ന് മരിക്കണമെന്നായിരുന്നു നിര്‍ദേശം. ഷാകഹോല വനത്തിലാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്.
ഒരു കുടുംബത്തിലെ അഞ്ചു പേരുടെ കുഴിമാടം ഉള്‍പ്പെടെ ഇവിടെ നിന്ന് പോലീസ് കണ്ടെത്തി. പ്രദേശത്ത് കെനിയന്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 800 ഏക്കറോളം വിശാലമായ വനത്തില്‍ കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കിഥൂര്‍ കിന്‍ഡികി വ്യക്തമാക്കി. ഈ മേഖലയില്‍ നിന്ന് അടുത്തകാലത്തായി 112 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.അതേസമയം, കെനിയയിലെ റെഡ് ക്രോസ് സൊസൈറ്റിയുടെ കണക്കു പ്രകാരം 213 പേരെയാണ് കണ്ടെത്താനുള്ളത്.മരിച്ചവരെ കുഴിച്ചിട്ടത് ആരാണെന്നത് ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് തെളിവ് ശേഖരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പോള്‍ മക്കെന്‍സിയെ അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ കുറ്റം നിഷേധിച്ചു. മക്കെന്‍സിയുടെ അടുത്ത അനുയായികളടക്കം ആറു പേരും പൊലീസ് കസ്റ്റഡിയിലാണ്.അതേസമയം പ്രതികളുടെ സ്വത്തുക്കള്‍ നിയമാനുസൃതമായി കണ്ടുകെട്ടുന്നതിനും ജപ്തി ചെയ്യുന്നതിനുമായി പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ നൂര്‍ദിന്‍ ഹാജി ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മൃതദേഹം പുറത്തെടുക്കുന്നതിനൊപ്പം തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം നടത്തുന്ന റാഞ്ചില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ വിലക്കാനുള്ള നീക്കത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു.