ബെംഗളൂരു: കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ വിരാട് കോഹ്ലി ഫീല്‍ഡിങ്ങിനായി ഗ്രൗണ്ടിലെത്തിയിരുന്നില്ല.ഇതേ ചൊല്ലി ആർസിബിയുടെ സൂപ്പർ താരത്തിന് പരിക്കേറ്റെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത്.ഏറ്റവുമൊടുവിലായി കോഹ്ലിയുടെ പരിക്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ആർസിബി നായകൻ രജത് പടിദാർ. 37കാരനായ കോഹ്ലിക്ക് യാതൊരു കഴുപ്പവുമില്ലെന്നാണ് ക്യാപ്റ്റൻ വിശദീകരിക്കുന്നത്. മത്സര ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസൻ്റേഷനിടെയാണ് രജത് ഈ പ്രതികരണം നടത്തിയത്.”വിരാട് ഭായിയുടെ പരിക്കിനെ കുറിച്ച് എനിക്ക് അറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം ഓക്കെ ആണെന്നാണ് എനിക്ക് തോന്നിയത്,” രജത് മറുപടി നല്കി.ഫില്‍ സോള്‍ട്ടിനൊപ്പം ടീമിന് ഓപ്പണിങ് വിക്കറ്റില്‍ 65 പന്തില്‍ 120 റണ്‍സ് സമ്മാനിച്ച കോഹ്ലി മാച്ചില്‍ ഫിഫ്റ്റി നേടിയാണ് പുറത്തായത്. 38 പന്തില്‍ നിന്ന് 50 റണ്‍സെടുത്താണ് ഹാർദിക്കിൻ്റെ പന്തില്‍ സൂര്യകുമാർ യാദവിന് ക്യാച്ച് സമ്മാനിച്ച് കോഹ്ലി പുറത്തായത്. പുറത്തായതില്‍ കലിപൂണ്ട് കോഹ്ലി ഗ്ലൗസും ഹെല്‍മറ്റും വലിച്ചെറിഞ്ഞിരുന്നു.