ബെംഗളൂരു : യശ്വന്ത്പുര-കൊച്ചുവേളിഗരീബ്രഥ് എക‌്സ്പ്രസ് (12257/12258) ഒരുമാസത്തേക്ക് റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം. യശ്വന്തപുര സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരിക്കുന്നതിനാലാണ് സർവീസ് റദ്ദാക്കുന്നത്. ആഴ്‌ചയിൽ മൂന്നുദിവസം സർവീസ് നടത്തിയിരുന്ന തീവണ്ടി 20 മുതൽ സെപ്റ്റംബർ 18 വരെയാണ് റദ്ദാക്കിയത്.റദ്ദാക്കുന്നതിനുപകരം തീവണ്ടി പുറപ്പെടുന്നതും എത്തിച്ചേരുന്നതും ബാനസവാടി, ചിക്കബാനവാര, ബൈയപ്പനഹള്ളി എസ്.എം.വി.ടി. എന്നിവിടങ്ങളിൽ ഏതിലേക്കെങ്കിലും മാറ്റണമെന്നാണ് ആവശ്യം.
ഈ ആവശ്യങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അറിയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ജനറൽ കൺവീനർ ആർ. മുരളീധർ അറിയിച്ചു.തീവണ്ടി റദ്ദാക്കിയതിനാൽ ഓണാവധിക്ക് നാട്ടിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ദുരിതത്തിലായത്. ഓണക്കാലത്ത് തീവണ്ടി റദ്ദാക്കുന്നത് സ്വകാര്യബസുകൾക്ക് മുതൽക്കൂട്ടാകുമെന്നും അമിതനിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുമെന്നും ആരോപണമുണ്ട്.
അതിനിടെ, കെ.എസ്.ആർ. ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ് (16511/12) പുറപ്പെടുന്നതും എത്തിച്ചേരുന്നതും അഞ്ചുമാസത്തേക്ക് സർ എം. വിശ്വേശ്വരായ ടെർമിനലിലേക്ക് (എസ്.എം.വി.ടി.) മാറ്റിയിട്ടുണ്ട്. നവംബർ ഒന്നുമുതൽ 2025 മാർച്ച് 31 വരെയാണ് തീവണ്ടി വിശ്വേശ്വരായ ടെർമിനലിലേക്ക് മാറ്റുന്നത്.