Home Featured സോഫ്റ്റ്‌വെയര്‍ മേഖലയുടെ നട്ടെല്ല്; ബാക്ക്-എന്‍ഡ് ഡെവലപ്പര്‍മാരെക്കുറിച്ച്‌ അറിയേണ്ടതെല്ലാം

സോഫ്റ്റ്‌വെയര്‍ മേഖലയുടെ നട്ടെല്ല്; ബാക്ക്-എന്‍ഡ് ഡെവലപ്പര്‍മാരെക്കുറിച്ച്‌ അറിയേണ്ടതെല്ലാം

ആധുനിക ഡിജിറ്റല്‍ ലോകത്തെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകമാണ് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ (Software Applications).ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരാണ് (Software Developers) ഓരോ ദിവസവും മനുഷ്യജീവിതത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമായി എണ്ണമറ്റ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, വെബ് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഒരു സോഫ്‌റ്റ്‌വെയറില്‍ നാം പ്രധാനമായും ശ്രദ്ധിക്കുക നമ്മുടെ കണ്ണില്‍ കാണുന്ന അവയുടെ ഭംഗി, പ്രവര്‍ത്തനങ്ങളുടെയും ഫീച്ചറുകളുടെയും മനോഹരമായ ലേഔട്ട്, എളുപ്പത്തിലുള്ള പ്രവര്‍ത്തനം എന്നിവയായിരിക്കും. എന്നാല്‍ ഇതിന് പിന്നില്‍ മൂന്ന് നിര്‍ണായക ഭാഗങ്ങള്‍ ഉണ്ട്. ബാക്ക്-എന്‍ഡ് അല്‍ഗോരിതം, പ്രോസസ്സ് ചെയ്യുന്ന ഡാറ്റ, ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് എന്ന് അറിയപ്പെടുന്ന UIയുമായി അവ എങ്ങനെ ഇടപഴകുന്നു എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഒരു സോഫ്റ്റ്‌വെയറിന്റെ മസ്തിഷ്കം. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച്‌ നാം ചിന്തിക്കാറുണ്ടാകില്ല. അപ്പോള്‍, ആരാണ് ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? അതിനാല്‍ സോഫ്റ്റ്വെയര്‍ മേഖലയില്‍ ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാരുടെ പങ്കിനെക്കുറിച്ച്‌ മനസ്സിലാക്കാം.

ബാക്ക്‌എന്‍ഡ് ഡെവലപ്പര്‍മാര്‍ (Back End Developers) തിരശ്ശീലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും പലപ്പോഴും അറിയപ്പെടാതെ പോകുകയും ചെയ്യുന്നവരാണ്. ഫ്രണ്ട്-എന്‍ഡ് ഡെവലപ്പര്‍മാരുമായി സഹകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കെന്‍ഡ് ഡെവലപ്പര്‍മാരാണ് ഫംഗ്‌ഷണാലിറ്റി കോഡുകള്‍ തയ്യാറാക്കുന്നതും ഉപയോക്താക്കള്‍ നേരിട്ട് കാണാത്ത സാങ്കേതികവിദ്യകള്‍ക്ക് യുക്തി നല്‍കുന്നതും. ഉദാഹരണത്തിന് ഒരു സ്‌ക്രീനില്‍ ഒരു ബട്ടണ്‍ ഉണ്ട് എന്നും അത് ട്രിഗര്‍ ചെയ്‌താല്‍ എന്തുസംഭവിക്കുമെന്നും കണ്ടെത്തുന്നത് അവരാണ്.

സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളാല്‍ ലോകം ഓണ്‍ലൈന്‍ സേവനങ്ങളെ കൂടുതല്‍ ആശ്രയിക്കുമ്ബോള്‍ ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാരുടെ ആവശ്യവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ ഏറ്റവുമധികം അവസരങ്ങളുള്ള ജോലികളില്‍ ഒന്നാണിത്. വരും വര്‍ഷങ്ങളിലും മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും.

ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാര്‍ക്ക് ഡിമാന്‍ഡ് ഉയരുന്നത് എന്തുകൊണ്ട്?

ആഗോള മഹാമാരിയെ തുടര്‍ന്ന് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി. മിക്ക വ്യവസായങ്ങളും സ്ഥാപനങ്ങളും സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തുടങ്ങിയതോടെ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് ആവശ്യക്കാരേറെയാണ്. ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാരാണ് ഒരു സോഫ്റ്റ്വെയറിന് ആവശ്യമായ കോഡ് തയ്യാറാക്കുന്നത് മുതല്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസുകള്‍ (എപിഐകള്‍) നിയന്ത്രിക്കുകയും ബാക്ക് എന്‍ഡ് ആപ്ലിക്കേഷനുകള്‍ ഡീബഗ്ഗ് ചെയ്യുകയും ചെയ്യുന്നത്. ഒരു സോഫ്റ്റ്വെയറിന്റെ മുഴുവന്‍ ചട്ടക്കൂടുകളും ക്രമീകരിക്കുന്നത് ഇവരാണ്. ജാവ (Java), പൈത്തണ്‍ (Python), പിഎച്ച്‌പി (PHP) തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകള്‍ ഉപയോഗിച്ചാണ് ബാക്ക് എന്‍ഡ് കോഡ് സൃഷ്‌ടിക്കുന്നത്. ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാരില്ലാതെ, വെബ്, സോഫ്‌റ്റ്‌വെയര്‍ മേഖല ഇല്ല എന്നു തന്നെ പറയാം.

ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത് എവിടെ?

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ ഐടി ഭീമന്‍മാര്‍ മുതല്‍ ചെറുകിട ഇടത്തരം കമ്ബനികളില്‍ വരെ ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാരുടെ ആവശ്യമുണ്ട്. സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്ബനികള്‍ക്കും ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാരെ ആവശ്യമുണ്ട്. വെബ്, സോഫ്‌റ്റ്‌വെയര്‍ ഡെവലപ്മെന്റ് ഡിജിറ്റല്‍ ലോകത്തിന്റെ അടിസ്ഥാനമായി മാറുമ്ബോള്‍ ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാര്‍ക്ക് എല്ലാ വ്യവസായങ്ങളിലും ആവശ്യക്കാരേറെയാണ്. അതിനാല്‍ ഐടി , ഫിനാന്‍സ്, റീട്ടെയില്‍ മുതലായ മേഖലകളില്‍ ഇവര്‍ക്ക് ഉയര്‍ന്ന പ്രതിഫലമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍, ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാര്‍ക്ക് ലഭിക്കുന്ന ശരാശരി പ്രതിഫലം 8 ലക്ഷം രൂപയാണ്. രണ്ട് വര്‍ഷത്തെ പരിചയസമ്ബത്തുള്ള ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാര്‍ക്ക് ശരാശരി 6 ലക്ഷം രൂപയാണ് ശമ്ബളം ലഭിക്കുക. മാത്രമല്ല, ചൈന, യുഎസ്‌എ, ജര്‍മ്മനി, റഷ്യ, ഇന്ത്യ, ഫ്രാന്‍സ് തുടങ്ങിയ ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ എല്ലാം തന്നെ ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാര്‍ക്ക് ഡിമാന്‍ഡ് വളരെ കൂടുതലാണ്.

ബാക്ക് എന്‍ഡ് ഡെവലപ്‌മെന്റ് ജോലികള്‍ ലഭിക്കുന്നതിനുള്ള യോഗ്യതകള്‍?

കമ്ബ്യൂട്ടര്‍ സയന്‍സ് ബിരുദ പശ്ചാത്തലവും സാങ്കേതികവിദ്യയോട് അഭിനിവേശവും പ്രോഗ്രാമിംഗില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബാക്ക്-എന്‍ഡ് ഡെവലപ്‌മെന്റ് ഒരു മികച്ച കരിയര്‍ ഓപ്ഷനായിരിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബാക്ക് എന്‍ഡ് ഡെവലപ്മെന്റ് ഒരു കരിയറായി തിരഞ്ഞെടുക്കാന്‍ കഴിയും.
മികച്ച ഒരു ബാക്ക് എന്‍ഡ് പ്രോഗ്രാമര്‍ കോഡിംഗ് ഭാഷകള്‍, ഡാറ്റാബേസുകള്‍, ഡാറ്റാബേസ് കാഷിംഗ് എന്നിവയെക്കുറിച്ച്‌ വളരെ നന്നായി അറിഞ്ഞിരിക്കണം. കൂടാതെ, ഒരു ബാക്ക് എന്‍ഡ് ഡെവലപ്പര്‍ എന്ന നിലയില്‍, പ്രൊഡക്ഷന്‍ വെബ് സെര്‍വര്‍ സാങ്കേതികവിദ്യകളെക്കുറിച്ചും ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസുകളെക്കുറിച്ചും അറിഞ്ഞിരിക്കണം.
ഒരു പ്രൊഫഷണല്‍ ബാക്കെന്‍ഡ് ഡെവലപ്പര്‍ ആകുന്നതിന് അല്‍ഗോരിതത്തെക്കുറിച്ചും ഡാറ്റാ ഘടനകളെകുറിച്ചുമുള്ള അറിവ് അത്യാവശ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാക്ക് എന്‍ഡ് ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ പഠിച്ച്‌ ബാക്ക് എന്‍ഡ് ഡെവലപ്‌മെന്റ് ജോലികള്‍ക്ക് യോഗ്യത നേടാനാകും. കൂടുതല്‍ പരിശീലനത്തിനായി ഓണ്‍ലൈനില്‍ ധാരാളം സോഴ്സുകള്‍ ലഭ്യമാണ്. ജാവ, പൈത്തണ്‍ തുടങ്ങിയ ബാക്ക് എന്‍ഡ് ഭാഷകളില്‍ ഒന്നോ രണ്ടോ എണ്ണം പഠിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.

ആവശ്യമായ പരിശീലനവും കഴിവുകളും

ബാക്ക് എന്‍ഡ് ഡെവലപ്‌മെന്റില്‍ വിജയകരമായ കരിയര്‍ കെട്ടിപ്പടുക്കുന്നതിന് ഏറ്റവും ആവശ്യമായ മൂന്ന് പ്രോഗ്രാമിംഗ് ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍ തീര്‍ച്ചയായും വൈദഗ്ധ്യം നേടണം. ജാവ, പൈത്തണ്‍, പിഎച്ച്‌പി എന്നിവയിലേതെങ്കിലും പഠിക്കുന്നതാവും നല്ലത്. ഒരു ബാക്ക് എന്‍ഡ് ഡെവലപ്പര്‍ ഈ ഭാഷകളില്‍ വൈദഗ്ധ്യം നേടിക്കഴിഞ്ഞാല്‍ HTML, CSS, JavaScript എന്നിവ പോലുള്ള ഫ്രണ്ട്-എന്‍ഡ് ഭാഷകള്‍ കൂടി പഠിക്കണം. ഒരു പ്രോഗ്രാമോ ആപ്ലിക്കേഷനോ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഏത് ഭാഷയുടെയും നട്ടെല്ലാണ് ബാക്ക് എന്‍ഡ് ഫ്രെയിംവര്‍ക്ക്. കൂടാതെ ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാര്‍ ഫ്രയിംവര്‍ക്കിനുള്ളിലെ കഴിവുകള്‍ മെച്ചപ്പെടുത്തണം. NodeJs, ExpressJs, Django എന്നിവ ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാര്‍ പഠിക്കേണ്ട ഏറ്റവും ജനപ്രിയമായ ഫ്രെയിംവര്‍ക്കുകളാണ്.

വ്യത്യസ്‌ത ഡാറ്റാബേസുകളിലെ കോഡുകള്‍ മോഡിഫൈ ചെയ്ത് ട്രാക്കുചെയ്യുന്നതിന് GitHub, GitLab പോലുള്ള സംവിധാനങ്ങളെക്കുറിച്ചും സമഗ്രമായ അറിവ് ആവശ്യമാണ്. കൂടാതെ, ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുമ്ബോള്‍, ഒരു ബാക്ക് എന്‍ഡ് ഡെവലപ്പര്‍ക്ക് ഡാറ്റാബേസുകള്‍, ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (API), സെര്‍വര്‍ കൈകാര്യം ചെയ്യല്‍ എന്നിവയെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. JSON, SOAP, REST, GSON എന്നിവയാണ് ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ചില APIകള്‍.

മുന്നോട്ടുള്ള പാത

സോഫ്‌റ്റ്‌വെയറും സാങ്കേതികവിദ്യയും എല്ലാ വ്യവസായ മേഖലകളിലും വ്യാപിക്കുന്നതിനാല്‍ സോഫ്‌റ്റ്‌വെയര്‍ ഡെവലപ്മെന്റിന്റെയും ഡെവലപ്പര്‍മാരുടെയും ഭാവി വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ഓണ്‍ലൈന്‍ ടൂളുകളുടെയും ട്യൂട്ടോറിയലുകളുടെയും പഠന ക്ലാസുകളുടെയും വ്യാപനത്തോടെ താത്പര്യമുള്ളവര്‍ക്ക് പരിചയസമ്ബന്നരായ പ്രൊഫഷണലുകളില്‍ നിന്ന് ബാക്ക് എന്‍ഡ് ഡെവലപ്മെന്റിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാനും കഴിവുകള്‍ വികസിപ്പിക്കാനും കഴിയും. കൂടാതെ, ലോകമെമ്ബാടുമുള്ള ഓര്‍ഗനൈസേഷനുകള്‍ക്കിടയില്‍ കരാര്‍ ജോലികളും റിമോട്ട് സ്റ്റാഫിംഗും കൂടുതലായി പ്രചാരത്തിലുള്ളതിനാല്‍ ബാക്ക് എന്‍ഡ് ഡെവലപ്പര്‍മാര്‍ക്ക് വിദൂര സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടി നേരിട്ടും റിമോര്‍ട്ടായും ജോലികള്‍ ചെയ്യാന്‍ കഴിയും.

You may also like

error: Content is protected !!
Join Our WhatsApp Group