ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ കദബ താലൂക്കില്‍ രെഞ്ചിലാഡിയിലെ നെയിലയില്‍ രണ്ടുപേരെ കൊന്ന കാട്ടാനയെ ഒടുവില്‍ പിടിച്ചു.കദബക്കടുത്ത മുജൂര്‍ ഫോറസ്റ്റ് റിസര്‍വിലാണ് ആനയെ കണ്ടെത്തിയത്. തുടര്‍ന്ന് മയക്കുവെടിവച്ച് വീഴ്ത്തുകയായിരുന്നു. ഫെബ്രുവരി 20ന് രാവിലെയാണ് പ്രദേശവാസികളായ രഞ്ജിത (21), രമേശ് റായി നയില (55) എന്നിവരെ കാട്ടാന കൊന്നത്. പേരട്ക്ക പാല്‍ സൊസൈറ്റിയിലെ ജീവനക്കാരിയായിരുന്ന രഞ്ജിത രാവിലെ ജോലിക്കു പോകവേയാണ് കാട്ടാന ആക്രമിച്ചത്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ രമേശിനെയും കാട്ടാന ആക്രമിക്കുകയായിരുന്നു.
രമേശ് സംഭവസ്ഥലത്തും രഞ്ജിത ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. അന്ന് രാത്രിതന്നെ നാഗര്‍ഹോളെ, ദുബരെ ആന സങ്കേതങ്ങളില്‍ നിന്നുള്ള അഭിമന്യു, പ്രശാന്ത്, ഹര്‍ഷ, കാഞ്ചന്‍, മഹേന്ദ്ര എന്നീ താപ്പാനകളെ എത്തിച്ചിരുന്നു. കൊലയാളി ആനയെ പിടിച്ച് മെരുക്കാന്‍ പരിശീലനം ലഭിച്ച താപ്പാനകളാണിവ. സുള്ള്യ, പഞ്ച, സുബ്രഹ്മണ്യ റേഞ്ചുകളില്‍നിന്നുള്ള 50 വനപാലകരായിരുന്നു ജില്ല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ദിനേശ് കുമാറിന്‍റെ നേതൃത്വത്തില്‍ നടപടിയെടുത്തത്.
ഡ്രോണ്‍ കാമറ ഉപയോഗിച്ച് രെഞ്ചിലാഡി വില്ലേജിലെ തുമ്ബേ ഫോറസ്റ്റ് റിസര്‍വില്‍ ആനക്കുള്ള തിരച്ചിലും നടത്തിയിരുന്നു.കഴിഞ്ഞ 22ന് ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നുള്ള യത്നമാണ് വിജയത്തിലെത്തിയത്. ഈ മേഖലയില്‍ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ആനശല്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും അധികാരികള്‍ അലംഭാവം കാണിക്കുന്നതായി രോഷാകുലരായ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
നവീകരിച്ച കലാസിപാളയം ബസ് സ്റ്റാന്‍ഡ് തുറന്നു
ബംഗളൂരു: പുതുമോടിയണിഞ്ഞ കലാസിപാളയ ബി.എം.ടി.സി ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്കായി തുറന്നു. 4.25 ഏക്കറിലായി 63.17 കോടി രൂപ ചെലവിട്ടാണ് ബസ് സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തിയാക്കിയത്.വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ ബസ് സ്റ്റാന്‍ഡില്‍, നഗരത്തില്‍ സര്‍വിസ് നടത്തുന്ന ബി.എം.ടി.സി ബസുകള്‍ക്കായി 18 ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തിനു പുറത്തേക്ക് സര്‍വിസ് നടത്തുന്ന കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്കായി ആറു ട്രാക്കുകളുമുണ്ട്.
കര്‍ണാടകക്കു പുറത്തേക്ക് സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കായി പ്രത്യേക പാര്‍ക്കിങ് കേന്ദ്രവും ഇതോടനുബന്ധിച്ചുണ്ട്. വൃത്തിയുള്ള ശുചിമുറി, എസ്കലേറ്റര്‍ സംവിധാനം, ലിഫ്റ്റ്, ഭക്ഷണശാലകള്‍ എന്നിവക്ക് പുറമെ സമീപത്തായി ഓട്ടോ സ്റ്റാന്‍ഡും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.ബസ് സ്റ്റാന്‍ഡ് നവീകരണത്തിനിടയിലും മലയാളികളുടെ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ കലാസിപാളയ മേഖലയിലേക്ക് കേരള ആര്‍.ടി.സി സര്‍വിസുകളില്ലാത്തത് മലയാളി യാത്രക്കാരെ വലക്കുന്നുണ്ട്. മുമ്ബ് കേരള ആര്‍.ടി.സിയുടെ ബസ് സര്‍വിസുകളും റിസര്‍വേഷന്‍ കൗണ്ടറുമടക്കമുള്ള സംവിധാനങ്ങള്‍ കലാസിപാളയയില്‍ ഉണ്ടായിരുന്നു.
പിന്നീട് ഇത് നിര്‍ത്തലാക്കി. ഇവിടെനിന്ന് വടക്കന്‍ കേരളത്തിലേക്കുണ്ടായിരുന്ന ബസ് സര്‍വിസുകള്‍ മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെര്‍മിനലിലേക്ക് മാറ്റി. കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വിസുകള്‍ കലാസിപാളയയില്‍നിന്ന് പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമാണ്.