Home Featured കേരളത്തിലെ 49 ഐടി കമ്ബനികള്‍ ദുബയ് ജൈടെക്‌സ് ടെക്‌നോളജി മേളയിലേക്ക്

കേരളത്തിലെ 49 ഐടി കമ്ബനികള്‍ ദുബയ് ജൈടെക്‌സ് ടെക്‌നോളജി മേളയിലേക്ക്

by കൊസ്‌തേപ്പ്

തിരുവനന്തപുരം: അടുത്ത മാസം ദുബയില്‍ നടക്കുന്ന ആഗോള ടെക്‌നോളജി മേളയായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്നുള്ള 30 ഐടി കമ്ബനികളും 19 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും അവതരപ്പിക്കപ്പെടുന്ന ഈ മേളയില്‍ കേരളത്തിലെ ഐടി കമ്ബനികള്‍ക്ക് വിദേശത്ത് പുതിയ വിപണി കണ്ടത്താനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര തലത്തില്‍ കേരളത്തിലെ കമ്ബനികള്‍ക്ക് ലഭിക്കുന്ന ആദ്യ വേദിയാണിത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്ബനികള്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ എത്തുന്ന ടെക്‌നോളജി സംരംഭകര്‍ക്കും കമ്ബനികള്‍ക്കും കേരളത്തിലെ ഐടി സാധ്യതകളെ പരിചയപ്പെടുത്തുകയും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയുമാണ് ജൈടെക്‌സിലൂടെ കേരള ഐടി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 17 മുതല്‍ 21 വരെയാണ് ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ജൈടെക്‌സ് നടക്കുന്നത്.

കേരള ഐടി പാര്‍ക്‌സിനു കീഴിലുള്ള തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്ബനികളും കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്ബനികളുമാണ് ദുബായിലേക്കു പറക്കുന്നത്. കോഴിക്കോട് നിന്ന് മാത്രം 21 കമ്ബനികളാണ് ഇത്തവണ ജൈടെക്‌സില്‍ പങ്കെടുക്കുന്നത്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നതിനു പുറമെ മേളയുടെ ഭാഗമായ വര്‍ക്ക്‌ഷോപ്പുകളിലും സെമിനാറുകളിലും ഐടി സംരംഭകര്‍ക്ക് പങ്കെടുക്കാം.

കേരള ഐടി പാര്‍ക്‌സ് സി.ഇ.ഒ ജോണ്‍ എം തോമസും ജൈടെക്‌സില്‍ പങ്കെടുക്കാനായി ദുബയിലെത്തും. മേളയോടനുബന്ധിച്ച്‌ ദുബായിലെ പ്രവാസി വ്യവസായികളേയും സംരംഭകരേയും പങ്കെടുപ്പിച്ച്‌ പ്രത്യേക ബിസിനസ് റ്റു ബിസിനസ് മീറ്റും കേരള ഐടി സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഐടി കമ്ബനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുകയും നിക്ഷേപകരെ ആകര്‍ഷിക്കുകയുമാണ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്. 20 വര്‍ഷമായി ഈ മേളയില്‍ കേരള ഐടിയുടെ സാന്നിധ്യമുണ്ട്. കേരളത്തിലെ ഐടി കമ്ബനികളുടെ വലിയൊരു വിപണി കൂടിയാണ് മിഡില്‍ ഈസ്റ്റ് മേഖല. ഡിജിറ്റല്‍ സാങ്കേതികവിദ്യാ രംഗത്തെ പുതുമകളും നവീന ആശയങ്ങളും ആദ്യമെത്തുന്ന വിപണിയായ യുഎഇ കേരളത്തിന് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group