
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് നടക്കും. തിരുവനന്തപുരത്ത് വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ഇത്തവണ എണ്‍പത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.
മത്സരരംഗത്തുള്ള നാല്‍പത് സിനിമകള്‍ വീതം രണ്ട് പ്രാഥമിക ജൂറികള്‍ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ.
പ്രശസ്ത കന്നഡ സംവിധായകന്‍ പി.ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാര്‍ഡ് നിര്‍ണയമാണ്.
മികച്ച നടനുള്ള പുരസ്കാരത്തിന് അഞ്ച് പേരാണ് മത്സര രംഗത്തുള്ളത് ബിജുമേനോന്‍ (അയ്യപ്പനും കോശിയും) ഫഹദ് ഫാസില്‍ (മാലിക്ക്, ട്രാന്‍സ്), ജയസൂര്യ (വെള്ളം,സണ്ണി), സുരാജ് വെഞ്ഞാറമൂട് (ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍), ടൊവിനോ തോമസ് (കിലോ മീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്), ഇന്ദ്രന്‍സ് (വേലു കാക്ക ഒപ്പ് 21) എന്നിവരില്‍ ആര്‍ക്കായിരിക്കും പുരസ്കാരമെന്ന ആകാംക്ഷയിലാണ് ചലച്ചിത്ര പ്രേമികള്‍.
ശോഭന, അന്നബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍,സിജി പ്രദീപ് എന്നിവരാണ് മികച്ച അഭിനേത്രിക്കുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍.
മഹേഷ് നാരായണന്‍, സിദ്ധാര്‍ത്ഥ് ശിവ, ജിയോ ബേബി, അശോക് ആര്‍ നാഥ്, സിദ്ദിഖ് പരവൂര്‍, ഡോണ്‍ പാലത്തറ എന്നീ സംവിധായകരുടെ രണ്ട് വീതം ചിത്രങ്ങള്‍ മത്സര രംഗത്തുണ്ട്. മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്കാരം ഒന്നിലേറെപ്പേര്‍ പങ്കിടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.