ബെംഗളൂരു കേരള ആർടിസി ഓൺലൈൻ റിസർവേഷൻ ഇളവുകൾ പ്രഖ്യാപിച്ചത് സ്വാഗതം ചെയ്ത് ബെംഗളൂരു മലയാളികൾ. റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്ന് 10 രൂപയായാണ് കുറച്ചത്. കേരള ആർടിസി എംഡി: ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം കർണാടക ആർടിസിയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ ബെംഗളൂരുവിലെത്തിയിരുന്നു ഇതിൽ റിസർവേഷൻ നിരക്ക് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.
കർണാടക ആർടിസി നേരത്തെ തന്നെ റിസർവേഷൻ നിരക്കായി 10 രൂപയാണ് ഈടാക്കിയിരുന്നത്. കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഒറ്റ ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമാണ് കർണാടക ഈടാക്കുന്നത്. കേരള ആർടിസിയിൽ റിസർവേഷൻ നിരക്ക് കുറയ്ക്കണമെന്നും ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കിളവ് നൽകണമെന്നും വർഷങ്ങളായുള്ള ബെംഗളൂരു മലയാളികളുടെ മുറവിളിയാണ് ഇപ്പോൾ നടപ്പിലായത്. 2 ടിക്കറ്റുകൾ ബുക്ക് ചെയ്താൽ 60 രൂപയാണ് റിസർവേഷൻ നിരക്കായി നൽകേണ്ടത്.
മടക്ക ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്താലും വീണ്ടും റിസർവേഷൻ ചാർജ് നൽകണം. എന്നാൽ കർണാടക ആർടിസി ബസുകളിൽ ഒരു ടിക്കറ്റിന് മാത്രമേ റിസർവേഷൻ നിരക്ക് ഈടാക്കുന്നുള്ളൂ. കൂടാതെ ഇരുവശങ്ങളിലേക്കും ബുക്ക് ചെയ്താൽ 10 ശതമാനം നിരക്കിളവും ലഭിക്കും. കേരള ആർടിസി ഇടക്കാലത്ത് എസി ബസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ചെങ്കിലും റിസർവേഷൻ നിരക്ക് കുറച്ചിരുന്നില്ല. 72 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് കാൻസൽ ചെയ്യുന്നത് ചാർജ് പിൻവലിച്ചതും മറുനാടൻ യാത്രക്കാർക്ക് ഗുണം ചെയ്യും.