കണ്ണൂർ : പി.ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കി ഉയര്‍ത്തുകയും അദ്ദേഹത്തിനെതിരെ പരാതി നല്‍കിയ മുന്‍ തളിപ്പറമ്പ് മണ്ഡലം എം. എല്‍. എ സി.കെ.പി പത്മനാഭനെ ചവുട്ടിഒതുക്കുകയും ചെയ്തുവെന്നാരോപിച്ചു സോഷ്യല്‍ മീഡിയയില്‍ സി.പി. എം അണികളുടെ പ്രതിഷേധം ശക്തമാകുന്നു.
സി.പി. എം അനുകൂല സൈബര്‍ ഗ്രൂപ്പുകളിലാണ് പി.ശശിയുടെയും സി.കെ.പിയുടെയും ചിത്രങ്ങള്‍ സഹിതം വെച്ചു നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കമന്റിടുന്നത്.
പി.ശശിയുടെ ചിത്രംവെച്ചു പൊളിറ്റിക്കല്‍ സെക്രട്ടറിയായതിന് അഭിവാദ്യങ്ങളെന്നു പോസ്റ്റു ചെയ്ത നേതാക്കളുടെ ഫെയ്‌സ്ബുക്ക് പേജിലും പ്രതിഷേധ സൂചകമായുള്ള കമന്റുകളുടെ പ്രളയമാണ്.
സി.കെ.പി പത്മനാഭന്റെ ഏരിയായ മാടായിയില്‍ നിന്നുമാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രതിഷേധം പ്രവര്‍ത്തകരില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ളത്. ഇതിനൊപ്പം സംസ്ഥാനകമ്മിറ്റിയില്‍ പി.ജയരാജന്‍ നല്‍കിയ വീണ്ടും തെറ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്ന കമന്റുകളും പലരും എഴുതിയിട്ടുണ്ട്.
സി.പി. എം സൈബര്‍പോരാളികള്‍ പി.ശശിയുടെ പുതിയ സ്ഥാനക്കയറ്റത്തില്‍ കടുത്ത രോഷത്തിലാണെന്നാണ് സൂചന. ഇവരുടെ പ്രതികരണങ്ങളില്‍ നിറയുന്നതും ഇതുതന്നെയാണ്.
എന്നാല്‍ പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന വാദവുമായി നേതാക്കളായ ഇ.പി. ജയരാജന്‍, എം.വി ജയരാജന്‍ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. തന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടു പി.ജയരാജനും പ്രതികരിച്ചിട്ടുണ്ട്.
ഇതുകൊണ്ടൊന്നും അണികളുടെ അമര്‍ഷം അടങ്ങിയിട്ടില്ല.വരും ദിനങ്ങളില്‍ സി.പി. എമ്മില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുംലഭിക്കുന്ന സൂചന.
സി.പി.എമ്മില്‍ തലമുറമാറ്റം നടന്ന എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് പി.ശശി സംസ്ഥാന സമിതിയിലെത്തുന്നത്. യുവാക്കള്‍ക്കായി തലമുറ മാറ്റം എന്നാണു പറഞ്ഞതെങ്കിലും മധ്യവയസ് പിന്നിട്ട പി.ശശി സംസ്ഥാന കമ്മിറ്റിയിലെത്തിയത് അപ്രതീക്ഷിതമായാണ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ വൈകാതെ ശശിയെത്തുമെന്ന് അന്നുതന്നെ അടക്കംപറച്ചിലുണ്ടായിരുന്നു. ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ചരിത്രമാണ് പി.ശശിയെ വ്യത്യസ്തനാക്കുന്നത്.
വിവാദങ്ങളും പാര്‍ട്ടിയില്‍നിന്നു തന്നെ ഉയര്‍ന്ന ആരോപണങ്ങളുമെല്ലാം അതിജീവിച്ചാണ് കൂടുതല്‍ കരുത്തനായി പി.ശശിയുടെ രണ്ടാംവരവ്. വിവാദകാലങ്ങളിലെല്ലാം പി.ശശിക്ക് തണലായത് മുഖ്യമന്ത്രി പിണറായി വിജയന്റെ കരുതലാണ്.
പി.ശശിയിലുള്ള കറകളഞ്ഞ വിശ്വാസമാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കാനും പിണറായിയെ പ്രേരിപ്പിച്ചത്.