അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രവും തുമ്ബൂര്‍മുഴി ഉദ്യാനവും നിബന്ധനകളോടെ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനം. ആഗസ്റ്റ് പത്ത് മുതലാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങുക. രാവിലെ ഒമ്ബതു മുതല്‍ വൈകീട്ട് നാല് വരെയാണ് പ്രവേശനം.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് വന്ന സാഹചര്യത്തിലാണിത്. എന്നാല്‍, മേഖലയിലെ ചാര്‍പ്പ, വാഴച്ചാല്‍, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല. മേഖലയിലെ സ്വകാര്യ പാര്‍ക്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. വിനോദ സഞ്ചാരികള്‍ ആര്.ടി.പി.സി.ആര് പരിശോധന സര്‍ട്ടിഫിക്കറ്റോ അതത് ദിവസം നടത്തിയ ആന്റിജന്‍ പരിശോധന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്നാണ് പ്രധാന നിബന്ധന.
സ്വകാര്യ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കാമെങ്കിലും അടച്ചിട്ട തിയറ്ററുകളിലേക്ക് സഞ്ചാരികളെ അനുവദിക്കില്ല. തുറസ്സായ റൈഡുകള്‍ മാത്രമേ അനുവദിക്കൂ. ഇതോടനുബന്ധിച്ച് നടപ്പാക്കേണ്ട ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. പ്രസിഡന്റ് കെ.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. വാഴച്ചാല്‍ ഡി.എഫ്.ഒ എസ്.വി. വിനോദ്, വനം വകുപ്പ്-പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.