Home Featured വാവ സുരേഷിന്റെ നില അതീവ ഗുരുതരം; തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയില്ല

വാവ സുരേഷിന്റെ നില അതീവ ഗുരുതരം; തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയില്ല

by മൈത്രേയൻ

കോട്ടയം: കോട്ടയം കുറിച്ചിയില്‍ വെച്ച്‌ പാമ്ബു പിടിത്തത്തിനിടെ കടിയേറ്റ വാവ സുരേഷിന്റെ നില അതീവ ഗുരുതരം. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയില്ല. ഇന്നലെ ഉണ്ടായ പ്രതികരണങ്ങള്‍ ഒന്നും ഇന്ന് ലഭിക്കുന്നില്ല. വാവ സുരേഷ് ഇപ്പോഴും അബോധാവസ്ഥയിലാണ്. മെഡിക്കല്‍ കോളേജ് അധികൃതരുടേതാണ് പ്രതികരണം.

കുറിച്ചിയില്‍ പിടികൂടിയ മൂര്‍ഖനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. കടിയേറ്റിട്ടും പതറാതെ വാവ സുരേഷ് മൂര്‍ഖനെ പ്ലാസ്റ്റിക് ടിന്നിലാക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് തിരിച്ചത്.വലുതുകാലിലെ തുടയിലാണ് വാവ സുരേഷിന് കടിയേറ്റത്. ഏറെ നിമിഷം പാമ്ബ് കടിച്ചുപിടിച്ചു. മനസ് പതറാതെ സുരേഷ് പാമ്ബിനെ പണിപ്പെട്ട് വലിച്ചെടുത്തു.പിടിവിട്ടപ്പോള്‍ പാമ്ബ് നിലത്തേക്കാണ് വീണത്. കാഴ്ചക്കാരായി ഉണ്ടായിരുന്നവര്‍ നാലുപാടും ചിതറിയോടി. ധൈര്യം കൈവിടാതെ വാവസുരേഷ് മൂര്‍ഖനെ വീണ്ടും പിടികൂടി. ചാക്കിനുപകരം ടിന്‍ കിട്ടുമോയെന്ന് നാട്ടുകാരോട് ചോദിച്ചു. ആരോ കൊടുത്ത ടിന്നിലേക്ക് പാമ്ബിനെ ഇട്ടശേഷം കാറില്‍ കയറി.

യാത്രക്കിടെയെല്ലാം അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ‘എന്റെ കണ്ണ് മറിയുന്നു, മയങ്ങിപ്പോകുകയാണ്, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാര്‍ വിട്ടോ’-ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വാവ സുരേഷ് പറഞ്ഞു. എത്ര സമയം കൊണ്ട് ആശുപത്രിയിലെത്തുമെന്നും അദ്ദേഹം ഒപ്പമുള്ളവരോട് ചോദിച്ചുകൊണ്ടിരുന്നുവെന്ന് കുറിച്ചി സ്വദേശി സുധീഷ്ഭവനില്‍ സുധീഷ്‌കുമാര്‍ പറയുന്നു.

പിടികൂടിയ പാമ്ബുമായി താന്‍ വന്ന കാറിലായിരുന്നു വാവയുടെ യാത്ര. എന്നാല്‍ ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് വഴിയറിയാത്തതിനാല്‍ കുറിച്ചി പാട്ടാശേരിയില്‍ നിന്ന് 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍ പിന്നാലെയുണ്ടായിരുന്ന കാറിലാണ് ആശുപത്രിയിലേക്ക് പോയത്.ആന്റിവെനം കുത്തിയാല്‍ രക്ഷപ്പെടും, പേടിക്കാനില്ലെന്നും വാവ പറഞ്ഞു. പിന്നീടാണ് കണ്ണ് മറിയുന്നതായും മയക്കം വരുന്നതായും പറഞ്ഞത്. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞതിനാല്‍ കോട്ടയത്തെ സ്വകാര്യആശുപത്രിയിലേക്ക് വരികയായിരുന്നു-സുധീഷ്‌കുമാര്‍ പറഞ്ഞു.

ഇവിടെ അടിയന്തര ചികിത്സ നല്‍കിയ ശേഷമാണ് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നത് സാധാരണ നിലയിലേക്ക് എത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി എല്‍ ജയപ്രകാശ്, മെഡിസിന്‍ വിഭാഗം മേധാവി ഡോ. സംഗമിത്ര, ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.

മൂന്നുദിവസം മുന്‍പാണ് കുറിച്ചി കൊച്ചുപാട്ടാശേരില്‍ വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീടിന് സമീപത്ത് മൂര്‍ഖനെ കണ്ടത്. വാവാ സുരേഷിനെ വിളിച്ച്‌ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലായിരുന്നതില്‍ ഇന്ന് രാവിലെയാണ് എത്തിയത്. പാമ്ബിനെ ചാക്കിലാക്കാന്‍ നാലുതവണ ശ്രമിച്ചെങ്കിലും പാമ്ബ് തിരിച്ചിറങ്ങുകയായിരുന്നു. വീണ്ടും ചാക്കിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മുട്ടിനുമുകളില്‍ കടിയേറ്റത്. പാമ്ബ് കടിക്കുന്നതും ആളുകള്‍ ഓടുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ദൃശ്യമാണ്.

ജലധരന്റെ വീടിന് സമീപമുള്ള കരിങ്കല്‍ കൂട്ടത്തിനിടയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂര്‍ഖനെ കണ്ടത്. കല്ലും മണ്ണും കൂട്ടിയിട്ടിരുന്നതിന് മുകളില്‍ പാമ്ബിന്റെ നീളമുള്ള പടം കിടക്കുന്നതാണ് ആദ്യ കണ്ടത്. ജലധരന്‍ മക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ കാണിച്ചപ്പോള്‍ മൂര്‍ഖന്റെ പടമാണെന്ന് തിരിച്ചറിഞ്ഞു. അന്ന് വൈകിട്ട് തന്നെ കല്ലിനടിയില്‍നിന്ന് പാമ്ബ് പുറത്തിറങ്ങിയത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉടക്കുവല കല്ലിനു ചുറ്റും വിരിച്ചു. വെള്ളിയാഴ്ച രാത്രി വലയില്‍ ശബ്ദം കേട്ട് ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ വീണ്ടും പാമ്ബിനെ കണ്ടു. വലയില്‍ കുടുങ്ങിയ പാമ്ബ് വലമുറിച്ച്‌ വീണ്ടും കല്ലിനിടയിലേയ്ക്ക് കയറിപ്പോയി.

ശനിയാഴ്ച രാവിലെ വിവരം വാവാ സുരേഷിനെ അറിയിച്ചു. തിങ്കളാഴ്ച എത്താമെന്ന് പറഞ്ഞു. മൂന്ന് മണിയോടെ സ്ഥലത്തെത്തിയ വാവാ സുരേഷ് കല്ലും പൊത്തിന് മുകളിലുള്ള കല്‍ക്കെട്ടും പൊളിച്ചു മാറ്റിയതോടെ പുറത്ത് ചാടിയ മൂര്‍ഖനെ വാവ വാലില്‍ തൂക്കിയെടുത്തു. വീട്ടുകാരോട് പാമ്ബിനെ ഇടാനായി പ്ലാസ്റ്റിക് ടിന്‍ ആവശ്യപ്പെട്ടു. അതില്‍ കയറ്റാനാവാതെ വന്നതോടെ ചാക്ക് ആവശ്യപ്പെട്ടു. ഗൃഹനാഥന്‍ നല്‍കിയ ചാക്കിനുള്ളില്‍ മൂന്നുതവണ പാമ്ബ് കയറിയെങ്കിലും തല പുറത്തേയ്ക്കിറക്കി. ചാക്കിനുള്ളില്‍ കയറ്റാനുള്ള അവസാന ശ്രമത്തിനിടെയാണ് പാമ്ബ് കടിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group