
വീരാജ്പേട്ട : മാക്കൂട്ടം ചുര പാതവഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആർ.ടി. പി.സി.ആർ നിർബന്ധമാക്കിക്കൊണ്ടുള്ള കുടക് ജില്ലാ ഭരണ കൂടത്തിന്റെ ഉത്തരവ് ഈ മാസം 19 വരെ നീട്ടി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂവും ജില്ലയിൽ കർശനമായി നടപ്പാക്കും. വെള്ളിയാഴ്ച രാത്രി പത്ത് മണി മുതൽ തിങ്കളാഴ്ച രാവിലെ 10 മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
മാക്കൂട്ടം ചെക്ക് പോസ്റ്റിൽ പരിശോധന കർശനമായി തുടരുകയാണ്. യാത്രക്കാരെ ആർ.ടി.പി.സി.ആർ പരിശോധനക്ക് ശേഷം മാത്രമേ കയറ്റിവിടുന്നുള്ളു. കേരളത്തിൽ നിന്നുള്ളവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി. പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ചരക്ക് വാഹന തൊഴിലാളികളിൽ ഏഴു ദിവസത്തിനുള്ളിൽ എടുത്ത ആർ.ടി. പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമാണ് കുടക് ജില്ലാ ഭരണകൂടം നിർബന്ധമാക്കിയത്. നിയന്ത്രണങ്ങൾ എർപ്പെടുത്തി 180 ദിവസം പിന്നിട്ടിരിക്കുകയാണ്.
അതേ സമയം ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റില്ലാതെ അതിർത്തിയിലെത്തിയ ചിലരെ പണം വാങ്ങി കടത്തിവിട്ട ചില പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ചെക്ക് പോസ്റ്റിൽ സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ചതോടെ പോലീസുകാർ പണം വാങ്ങുന്നത് ഉന്നത അധികാരികൾ സ്ഥിരീകരിക്കുകയായിരുന്നു.
കോവിഡ് കെയർ സെന്ററുകൾ വീണ്ടും തുറക്കുന്നു
ബെംഗളൂരുവിലെ 28 നിയമസഭാ മണ്ഡലങ്ങളിലും കോവിഡ് കെയർ സെന്ററുകൾ വീണ്ടും തുറക്കുമെന്നു ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. നഗരത്തിലെ വലിയ കോവിഡ് കെയർകേന്ദ്രം ഹജ് ഭവനിൽ ഒരുക്കുന്നുണ്ട്. ഇവിടങ്ങളിൽ വേണ്ടത്ര ഓക്സിജൻ, ആംബുലൻസ് സംവിധാനങ്ങളുണ്ടെന്ന് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ഐഎഎസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ഇതിനിടെ സ്വയം കോവിഡ് പരിശോധിക്കാനുള്ള കിറ്റുകളുടെ വിൽപന വ്യാപകമാകുന്നത്. സംസ്ഥാനത്തെ കോവിഡ് പോസിറ്റീവാകുന്നവരെ കണ്ടെത്തി ക്വാറന്റിൻ ചെയ്യാനും ചികിത്സ ഉറപ്പാക്കാനുമുള്ള പ്രവർത്തനത്തിന് തടസ്സമാകുന്നതായി ഉദ്യോഗസ്ഥർ പരാതിപ്പെടുന്നുണ്ട്.