ചെന്നൈ: ( 27.10.2021) മുല്ലപ്പെരിയാര്‍ ഡീകമീഷന്‍ പ്രചാരണത്തിന് എതിര്‍ ക്യാംപെയിനുമായി തമിഴ് സോഷ്യല്‍ മീഡിയ. #AnnexIdukkiWithTN എന്നതാണ് ട്രെന്റിംഗായിരിക്കുന്ന ഹാഷ്ടാഗ്. ഇത് പ്രകാരം ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കുക എന്നാണ് ഈ പ്രചാരണത്തിന് ഇറങ്ങിയവര്‍ ആവശ്യപ്പെടുന്നത്.ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് മുല്ലപ്പെരിയാര്‍ അണക്കെട്ടും, ഇടുക്കി ജില്ലയും തമിഴ്നാടിന്റെ ഭാഗമായിരുന്നുവെന്നും. മലയാളികള്‍ക്ക് ആവശ്യമില്ലാത്ത മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പെടെ തമിഴ്‌നാട്ടില്‍ ചേര്‍ക്കൂ എന്നാണ് ക്യാംപെയിന്‍ പറയുന്നത്.
ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കുന്നതാണ് മുല്ലപ്പെരിയാന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ഇടുക്കി ജില്ലയില്‍ തമിഴ് സംസാരിക്കുന്ന ജനതയുണ്ട്, ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ത്താല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം തമിഴ്‌നാട് നോക്കും, പഴയ മാപ്പുകളും മറ്റും ചേര്‍ത്ത് ഈ പ്രചാരണം #AnnexIdukkiWithTN എന്ന ഹാഷ്ടാഗോടെ കൊഴുക്കുകയാണ്.
അതേസമയം, കേരളത്തില്‍ ഡാം ഡീകമീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായി രംഗത്ത് എത്തിയ സിനിമ താരങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. നാം തമിളര്‍ കക്ഷി നേതാവ് സീമാന്റെ അനുയായികളാണ് ഈ പ്രചാരണത്തിന്റെ മുന്‍ പന്തിയില്‍ എന്ന് വിവരമുണ്ട്. തീവ്ര തമിഴ്‌നിലപാടുകളാല്‍ എന്നും വിവാദം സൃഷ്ടിച്ച നേതാവാണ് സീമാന്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷ ഭീഷണിയിലാണെന്നും, ഡാം ഡീകമീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായ പ്രചാരണമാണ് കേരളത്തിലെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്.