കേരളം: കേരളത്തിൽ ചൂട് കൂടിയതോടെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള അപകട സാധ്യതയും കൂടുന്നു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തപ്പെട്ടത് ഉയർന്ന അള്‍ട്രാവയലറ്റ് സൂചികയാണെന്ന് ദുരന്ത നിവാരണ അതോരിറ്റി ജാഗ്രതപ്പെടുത്തുന്നു.തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് അതോരിറ്റി അറിയിച്ചു.
ഏത് വെയിലിനാണ് യുവി ഇൻഡക്സ് കൂടുതല്‍?
പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മല്‍സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ യുവി ഇൻഡക്സ് ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
വിവിധ പ്രദേശങ്ങളിലെ യുവി സൂചിക
ഇന്നത്തെ യുവി ഇൻഡെക്സ് പ്രകാരം, തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ലാശാല സ്റ്റേഷനില്‍ രേഖപ്പെടുത്തിയ യുവി ഇൻഡെക്സ് 4 ആണ്. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സ്റ്റേഷനില്‍ യുവി ഇൻഡക്സ് 4 രേഖപ്പെടുത്തി. പത്തനംതിട്ടയിലെ കോണി സ്റ്റേഷനില്‍ 6 യുവി ഇൻഡ്ക്സ് രേഖപ്പെടുത്തി. ആലപ്പുഴയിലെ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ രേഖപ്പെടുത്തിയ യുവി ഇൻഡക്സ് 6 ആണ്. കൊല്ലത്തെ കൊട്ടാരക്കരയില്‍ യുവി ഇൻഡക്സ് 5 ആണ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലെ കളമശ്ശേരി സ്റ്റേഷനില്‍ രേഖപ്പെടുത്തിയത് 4 യുവി ഇൻഡക്സ് ആണ്. ഇടുക്കിയിലെ മൂന്നാറിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ്. ഇവിടെ 7 ആണ് സൂചിക. പാലക്കാട് ജില്ലയിലെ തൃത്താല സ്റ്റേഷനില്‍ രേഖപ്പെടുത്തിയ യുവി ഇൻഡക്സ് 5 ആണ്. മലപ്പുറത്തെ പൊന്നാനി സ്റ്റേഷനില്‍ രേഖപ്പെടുത്തിയ യുവി ഇൻഡക്സ് 5 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി സ്റ്റേഷനില്‍ രേഖപ്പെടുത്തിയ യുവി ഇൻഡക്സ് 6 ആണ്. കണ്ണൂരിലെ ധർമ്മടത്തുള്ള സ്റ്റേഷനില്‍ 4 യുവി ഇൻഡക്സ് ആണ് രേഖപ്പെടുത്തിയത്. കാസർഗോഡ് ജില്ലയിലെ ഉദുമ സ്റ്റേഷനില്‍ അള്‍ട്രാവയലറ്റ് സൂചിക 4 രേഖപ്പെടുത്തി.