ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ ബിരുദ കോഴ്‌സുകളില്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ അഭൂതപൂര്‍വമായ പ്രവേശനം ചര്‍ച്ചയാകുമ്ബോള്‍, അതിനിടയാക്കിയത് കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാനുള്ള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ തീരുമാനം. വിദ്യാര്‍ത്ഥികളെ നന്നായി സ്‌കോര്‍ ചെയ്യാന്‍ സഹായിക്കുന്നതിന് ചോദ്യങ്ങളുടെ എണ്ണം ബോര്‍ഡ് ഇരട്ടിയാക്കുകയായിരുന്നു.
ഡല്‍ഹിയില്‍ അലയൊലികള്‍ സൃഷ്ടിച്ച ഫലങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ ഡയരക്ടര്‍ ജനറല്‍ ആന്‍ഡ് എക്‌സാമിനേഷന്‍ കമ്മിഷണര്‍ കെ ജീവന്‍ ബാബു ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിശദീകരിച്ചു.
“മഹാമാരിയുടെ പശ്ചാത്തലത്തില്‍, വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണ നല്‍കുന്ന രീതിയിലാണ് പരീക്ഷ നടന്നത്. എല്ലാ വിഷയങ്ങളിലും ഞങ്ങള്‍ ഫോക്കസ് ഏരിയകള്‍ കണ്ടെത്തി, അവയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തിയത്. പരമാവധി മാര്‍ക്കും സ്‌കോറുകളും നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ചോദ്യങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
ഇതിന്റെ പ്രതിഫലനം ഫലങ്ങളില്‍ വ്യക്തമാണ്. ഇത്തവണ 502 വിദ്യാര്‍ത്ഥികള്‍ പന്ത്രണ്ടാം ക്ലാസില്‍ മുഴുവനും 47,881 പേര്‍ 90 ശതമാനത്തിനു മുകളിലും മാര്‍ക്കും നേടി. അവരില്‍ ഭൂരിഭാഗത്തിന്റെയും മാര്‍ക്ക് 95 ശതമാനത്തിനു മുകളിലാണ്. മുന്‍ വര്‍ഷം 18,510 വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് 90 ശതമാനത്തിനു മുകളില്‍ സ്‌കോര്‍ ഉണ്ടായിരുന്നത്. 234 പേര്‍ക്ക് മാത്രമാണ് മുഴുവന്‍ മാര്‍ക്ക് (1,200 ല്‍ 1,200) ലഭിച്ചത്. ഈ വര്‍ഷത്തെ വിജയശതമാനം 87.94 ശതമാനായിരുനെങ്കില്‍ 2020 ല്‍ അത് 85.13 ഉം 2019 ല്‍ 84.33 ഉം ആയിരുന്നു
കേരള ബോര്‍ഡില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഈ വര്‍ഷം ഉയര്‍ന്ന മാര്‍ക്ക് നേടിയത്. എഴുപതിനായിരത്തിലേറെ സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. 2020 ല്‍ 38,686 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിരുന്നത്.
കോവിഡ് സാഹചര്യം സൃഷ്ടിച്ച കഴിഞ്ഞ അധ്യയന വര്‍ഷം വെല്ലുവിളികള്‍ക്കിടയിലും പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നടത്തിയിരുന്നു. 3,73,788 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 3,28,702 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.
കേരള പരീക്ഷാ ബോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്കു വലിയ തോതില്‍ പ്രവേശനം ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഫലം വിവാദമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ജീവന്‍ ബാബു പറഞ്ഞു. “ഞങ്ങള്‍ ജനുവരി മുതല്‍ രണ്ടു മാസം ക്ലാസുകള്‍ നടത്തുകയും തിയറി, പ്രായോഗിക പരീക്ഷകള്‍ നടത്തുകയും ചെയ്തു. മറ്റു പല സംസ്ഥാന ബോര്‍ഡുകളും പരീക്ഷകള്‍ നടത്താതെയാണു മാര്‍ക്ക് നല്‍കിയത്. കോവിഡ് സമയത്ത് പരീക്ഷ നടത്തുമ്ബോള്‍, സാധാരണയായി ഒരു പരീക്ഷയില്‍ പ്രയോഗിക്കുന്ന അതേ കടുപ്പം കൊണ്ടുവരാന്‍ കഴിയില്ല . ” അദ്ദേഹം പറഞ്ഞു.
സംസ്ഥാന പരീക്ഷാ ബോര്‍ഡിലെ ധാരാളം വിദ്യാര്‍ത്ഥികള്‍ കേരളത്തിനു പുറത്ത്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കാനും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ക്ലാസുകളില്‍ ചേരാനും ആഗ്രഹിക്കുന്നതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹിയിലെ കോളേജില്‍ പ്രവേശനം നേടുന്നതിലൂടെ, വിദ്യാര്‍ത്ഥികള്‍ മികച്ച അക്കാദമികവും സാമൂഹികവുമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കുകയും ഇംഗ്ലീഷില്‍ പ്രാവീണ്യം നേടുകയും ചെയ്യുന്നു. കേരളത്തിലെ സിബിഎസ്‌ഇ സ്ട്രീമിലെ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളും മെഡിക്കല്‍, എന്‍ജനീയറിങ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.