തൊടുപുഴ: ക്ലാസില്‍ കയറാതെ ആനയെ കാണാന്‍ പോയതിന് അധ്യാപകന്‍ ശകാരിച്ചതിന്റെ പേരില്‍ നാടുവിടാന്‍ ശ്രമിച്ച് വിദ്യാര്‍ഥികള്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇവരെ പൊലീസ് കണ്ടെത്തി. ഇടുക്കി കരിമണ്ണൂരിലാണ് വിദ്യാര്‍ഥികള്‍ നാടുവിടാന്‍ ശ്രമിച്ചത്. തൊമ്മന്‍കുത്ത് സ്വദേശികളായ പതിനാലുകാരായ പ്രണവ്, ആദിദേവ് എന്നിവരെ പൊലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ക്ലാസില്‍ പോകാതിരുന്നതിന് രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുമെന്ന് ഭയന്നാണ് ഇവര്‍ നാടുവിടാന്‍ ശ്രമിച്ചത്.
വീട്ടുകാരെ അറിയിക്കുമെന്ന് അധ്യാപകന്‍ പറഞ്ഞതോടെ നാടുവിട്ടു
ബുധനാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികള്‍ ക്ലാസില്‍ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാന്‍ പോയി. ഇക്കാര്യം അറിഞ്ഞ അധ്യാപകന്‍ ക്ലാസില്‍ വരാതിരുന്ന വിവരം വീട്ടില്‍ അറിയിക്കുമെന്ന് കുട്ടികളോട് പറഞ്ഞു. ഇതോടെ കുട്ടികള്‍ കൂട്ടുകാരന്റെ വീട്ടില്‍ ബാഗ് ഏല്‍പ്പിച്ച് പോവുകയായിരുന്നു.
അച്ഛന്‍ തല്ലുമെന്ന് പറഞ്ഞ് സുഹൃത്തിന് സന്ദേശം
കൂട്ടത്തില്‍ ഒരു കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. വിവരം അറിഞ്ഞാല്‍ അച്ഛന്‍ തല്ലുമെന്നും അതിനാല്‍ ഞങ്ങള്‍ നാടുവിടുകയാണെന്നും ഈ ഫോണില്‍ നിന്ന് കുട്ടി സുഹൃത്തിന് മെസേജ് അയച്ചിരുന്നു. ഇതോടെപ്പം സുഹൃത്തിന്റെ വീട്ടില്‍ എല്‍പ്പിച്ച നോട്ടുബുക്കില്‍ കത്തും എഴുതി വെച്ചു. കുട്ടികളെ കാണാതായതോടെ പൊലീസിനൊപ്പം വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. ഇന്നലെ ഒരു ദിവസം തിരഞ്ഞിട്ടും കുട്ടികളെ കണ്ടെത്തിയിരുന്നില്ല. ഒടുവില്‍ കോതമംഗലത്തിനടുത്ത് കോടനാട് വെച്ചാണ് ഇന്ന് കുട്ടികളെ കണ്ടെത്തിയത്.