കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു. രാവിലെ അഞ്ചിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കന്‍ഡില്‍ 5800 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട് സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.
ജലനിരപ്പ് 138 അടിയിലേക്ക് എത്തിയതോടെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി നാളെ രാവിലെ ഏഴു മണി മുതല്‍ സ്പില്‍വേയിലൂടെ ജലം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ജല വിഭവവകുപ്പ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടില്‍ നിന്ന് തുറന്നു വിടുന്ന വെള്ളം കടന്നു വരുന്ന പെരിയാറിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെയോ ചുമതലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ ഏഴു മണി മുതല്‍ ക്യാമ്ബുകളിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. ഇവര്‍ക്ക് മാറാനുള്ള വാഹന സൗകര്യം അതാത് സ്ഥലത്ത് ഏര്‍പ്പാടാക്കിയിട്ടുണ്ട്.
തികച്ചും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്യാമ്ബുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്യാമ്ബിലും ചാര്‍ജ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജികരിച്ചിട്ടുണ്ട്. ക്യാമ്ബിലേക്ക് മാറുന്നവരുടെ വീടുകളില്‍ പൊലീസ് നൈറ്റ് പട്രോളിങ് ഏര്‍പ്പാടാക്കിയതാനും ജില്ലാ കലക്ടര്‍ അറിയിച്ചു.