കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പുതിയ സീസണിന് മുന്നോടിയായി ഒരു താരത്തെ കൂടി തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്റ്റ്റ്റേഴ്സ്. ബെംഗളൂരു എഫ്സി സ്ട്രൈക്കര്‍ ബിദ്യാഷാഗര്‍ സിങ്ങിനെയാണ് മഞ്ഞപ്പട കൂടാരത്തിലെത്തിച്ചത്. ഒരു വര്‍ഷ ലോണിലാണ് 24കാരനായ ബിദ്യാഷാഗര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. താരത്തെ സ്വാഗതം ചെയ്ത് ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ടീമിലേക്ക് ക്ഷണിച്ചതിന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും പരിശീലകനും ബിദ്യാഷാഗര്‍ നന്ദി അറിയിച്ചു. ടിഡിം റോഡ് അത്ലറ്റിക് യൂണിയന് എഫ്സിയില്‍ പന്ത് തട്ടിത്തുടങ്ങിയ ബിദ്യാഷാഗര്‍ സിങ് 2016ല്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിയ്ക്കൊപ്പമാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.2016-17 സീസണില്‍ ഈസ്റ്റ് ബംഗാളിനെ അണ്ടര്‍ 18 ഐ ലീഗിന്റെ ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായകമായി. ടൂര്‍ണമെന്റില്‍ ആറു ഗോളുകളാണ് താരം അടിച്ച് കൂട്ടിയത്.
തുടര്‍ന്ന് 2018ല്‍ സീനിയര്‍ ടീമിനായി അരങ്ങേറ്റം നടത്തി. സീനിയര്‍ ടീമിനുവേണ്ടി രണ്ട് സീസണിലായി 12 മത്സരങ്ങളിലാണ് താരം ബൂട്ട് കെട്ടിയത്.2020ല്‍ ഐ ലീഗ് ക്ലബ്ബ് ട്രാവു എഫ്സിയിലെത്തിയതാണ് ബിദ്യാഷാഗറിന്റെ കരിയറില്‍ വമ്ബന്‍ വഴിത്തിരിവായത്. ട്രാവു എഫ്സിക്കായി 15 മത്സരങ്ങളില്‍ നിന്നും രണ്ട് ഹാട്രിക് ഉള്‍പ്പടെ 12 ഗോളുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
ട്രാവു എഫ്സി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സീസണില്‍ നിരവധി വ്യക്തിഗത അംഗീകാരങ്ങള്‍ ബിദ്യാഷാഗറിന് തേടിയെത്തിയിരുന്നു.ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍, ഹീറോ ഓഫ് ദി സീസണ് എന്നിവയ്ക്ക് പുറമെ ഐ ലീഗ് ടീം ഓഫ് ദി സീസണിലും ബിദ്യാഷാഗര്‍ ഇടം പിടിച്ചു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരം ബെംഗളൂരുവിലെത്തിയത്.
കൂടാരത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍: സീസണില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ബിദ്യാഷാഗര്‍. നേരത്തെ സൗരവ് മണ്ഡല്, ബ്രൈസ് മിറാന്‍ഡ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഐലീഗ് ക്ലബ് ചര്‍ച്ചില്‍ ബ്രദേഴ്സില്‍ നിന്നാണ് 22 കാരനായ ബ്രൈസ് മിറാന്‍ഡയും 21 കാരനായ സൗരവും ബ്ലാസ്റ്റേഴ്സിലെത്തിയത്.
ഇന്ത്യന്‍ അണ്ടര്‍ 23 ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് മിറാന്‍ഡ. ഇരുവരും വിങ്ങുകളിലും മിഡ്ഫീല്‍ഡിലും കളിക്കാന്‍ പ്രാപ്തിയുള്ള താരങ്ങള്‍ കൂടിയാണ്. ഒക്ടോബര്‍ ആറിനാണ് ഐഎസ്എല്ലിന്റെ പുതിയ സീസണ് ആരംഭിക്കുന്നത്.കൊവിഡിന്റെ മോശം സാഹചര്യത്തിന് ശേഷം ഐഎസ്എല്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലാണ് ഇക്കുറി നടക്കുന്നത്.
ഇതോടെ ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്റെ 10 മത്സരങ്ങള്‍ കൊച്ചിയിലാണ് നടക്കുക. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.ഫിഫ വിലക്ക് ബ്ലാസ്റ്റേഴ്സിനും തിരിച്ചടി: ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കിയത് ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങളേയും സാരമായി ബാധിക്കാന്‍ ഇടയുണ്ട്.
യുഎഇയില്‍ നിശ്ചയിച്ച പ്രീ സീസണ് സന്നാഹമത്സരങ്ങള്‍ ടീമിന് നഷ്ടമായേക്കും.വിലക്ക് തീരും വരെ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ത്യയുമായി അവസാനിപ്പിക്കണമെന്ന് അംഗരാജ്യങ്ങള്‍ക്ക് ഫിഫ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആറാം വിദേശ താരത്തെ സ്വന്തമാക്കുന്നതിലും ഇത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.