കാസര്‍കോട്: നാലുമാസത്തോളം പിന്നിട്ട ഇടവേളക്കുശേഷം കാസര്‍കോട്- മംഗളൂരു കെ.എസ്.ആര്.ടി.സി ബസ് പുനരാരംഭിച്ചു.കേരളത്തില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് ഒന്നുമുതലാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ കര്‍ണാടക വിലക്കിയത്. അതിര്‍ത്തി കടക്കാന്‍ കടുത്ത നിബന്ധനകള്‍ കര്‍ണാടക ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അന്തര്‍ സംസ്ഥാന ബസ് സര്‍വിസുകളും നിര്‍ത്തിയത്. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ വെള്ളിയാഴ്ച രാവിലെ മുതല്‍ ഇരുസംസ്ഥാനങ്ങളുടെയും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു.72 മണിക്കൂറിനകം എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് റിപ്പോര്‍ട്ട് വേണമെന്ന നിബന്ധനയും കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കാസര്‍കോട് ജില്ലയിലെ ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമാണ് തീരുമാനം. കേരളത്തിെന്റ 23 ബസുകള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ സര്‍വിസ് തുടങ്ങി. പുത്തൂര്‍, സുള്ള്യ എന്നിവിടങ്ങളിലേക്കും സര്‍വിസ് ആരംഭിച്ചു.
കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ യാത്ര പുനരാരംഭിക്കാന്‍ ജില്ല ഭരണകൂടവും ജനപ്രതിനിധികളുമെല്ലാം കര്‍ണാടകയുമായി ബന്ധപ്പെട്ടിരുന്നു. കോവിഡ് സ്ഥിരീകരണ നിരക്ക് മൂന്നുശതമാനത്തില്‍ കുറയാതെ സര്‍വിസ് പാടില്ലെന്നായിരുന്നു ദക്ഷിണ കന്നട ജില്ല ഭരണകൂടത്തിെന്റ നിലപാട്. എന്നാല്‍, കേരളത്തില്‍ കോവിഡ് കേസുകള്‍ ഏറ്റവും കുറഞ്ഞ ജില്ലയെന്ന നിലക്ക് ഒടുവില്‍ കര്‍ണാടക നിലപാട് മാറ്റി. വ്യാഴാഴ്ച വൈകീട്ടാണ് ബസുകള്‍ സര്‍വിസ് നടത്താമെന്ന അറിയിപ്പ് ദക്ഷിണ കന്നട ജില്ലയിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതോടെ, വെള്ളിയാഴ്ച രാവിലെ തന്നെ സര്‍വിസുകള്‍ ആരംഭിക്കുകയും ചെയ്തു.അതിര്‍ത്തി കടക്കാന്‍ കടുത്ത നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അതിര്‍ത്തി കടക്കാന്‍ 72 മണിക്കൂറിനകം എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്സിന് എടുത്തവരെ പോലും കടത്തിവിടാത്ത കര്‍ണാടക നിലപാടിനെതിരെ കടുത്ത അമര്‍ഷവും ഉയര്‍ന്നിരുന്നു. അതിര്‍ത്തി കടക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തി. പരിശോധിക്കാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെയും കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചതോടെ കാസര്‍കോട്-മംഗളൂരു യാത്ര പൂര്‍ണമായും തടസ്സപ്പെട്ടു. ബസുകള്‍ തലപ്പാടി വരെ സര്‍വിസ് നടത്തി തിരിച്ചുപോവുകയാണ് ചെയ്തിരുന്നത്.